ചെന്നൈ: ഇന്ത്യ x ഇംഗ്ലണ്ട് രണ്ടാം ടി20 ഇന്ന് ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ നടക്കും. രാത്രി ഏഴിന് മത്സരം ആരംഭിക്കും.
രണ്ടാം ജയത്തോടെ പരമ്പരയിൽ ലീഡുയർത്താനാണ് ഇന്ത്യൻ യുവനിര ഇറങ്ങുന്നത്. സ്പിന്നിനെ തുണയ്ക്കുന്ന ചിദംബരം സ്റ്റേഡിയം ബാറ്റർമാർക്ക് അനുകൂലമാകുമെന്നാണ് വിലയിരുത്തൽ.
ആദ്യമത്സരത്തിൽ അഭിഷേക് ശർമയുടെ അർധസെഞ്ചുറിയുടെയും മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് തുടക്കത്തിന്റെയും ബലത്തിൽ ഏഴ് വിക്കറ്റ് ജയം സ്വന്തമാക്കിയിരുന്നു.
എന്നാല്‍ രണ്ടാം മത്സരത്തിന് തൊട്ടുമുമ്പ് ഇന്ത്യക്ക് എട്ടിന്റെ പണി കിട്ടിയിരിക്കുകയാണ്.
ടീമിന്റെ യുവ ഓപ്പണറായ അഭിഷേക് ശര്‍മ രണ്ടാം ടി20ക്ക് ഉണ്ടാവില്ലെന്നാണ് ഇന്ത്യന്‍ എക്സ്പ്രസിന്റെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പരിശീലനത്തിനിടെ അഭിഷേകിന് പരിക്കേറ്റിരുന്നു. ഇതിനെത്തുടര്‍ന്ന് അദ്ദേഹം പരിശീലനം നിര്‍ത്തി കളം വിട്ടിരുന്നു.
പരിക്ക് ഗുരുതരമല്ലെങ്കിലും ഒരു മത്സരത്തില്‍ വിശ്രമം വേണ്ടത് അത്യാവശ്യമാണെന്നാണ് ടീം വൃത്തങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളുള്ളത്. അഭിഷേകിന്റെ അഭാവം ഇന്ത്യക്ക് കടുത്ത തിരിച്ചടിയാവുമെന്ന കാര്യം ഉറപ്പാണ്.
പരിശീലനത്തിനിടെ അഭിഷേകിന്റെ കാല്‍ക്കുഴക്ക് പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ടുള്ളത്.
കാല് തെന്നി മടങ്ങിയതോടെ താരം മൈതാനത്ത് വീണു. പിന്നാലെ ഫിസിയോ എത്തി പരിശോധിച്ച ശേഷം വേദനയോടെയാണ് താരം കളം വിട്ടത്.
ആദ്യ മത്സരത്തില്‍ 20 പന്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ അഭിഷേക് ബാറ്റിങ് വെടിക്കെട്ടാണ് കാഴ്ചവെച്ചത്. ഇന്ത്യയുടെ ജയം വേഗത്തിലാക്കാന്‍ അഭിഷേകിന്റെ പ്രകടനം ഇന്ത്യയെ സഹായിച്ചു.
അഭിഷേക് ശര്‍മക്ക് കളിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ സഞ്ജു സാംസണിനൊപ്പം ഓപ്പണറായി ആരെന്നതാണ് പ്രധാനപ്പെട്ട ചോദ്യം.
ഇന്ത്യ നിലവില്‍ ബാക്കപ്പ് ഓപ്പണര്‍മാരെ ടീമിലേക്ക് പരിഗണിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ സഞ്ജുവിനൊപ്പം ഓപ്പണറായി തിലക് വര്‍മ എത്തിയേക്കുമെന്നാണ് വിവരം.
ഇടം കൈയന്‍ ബാറ്റ്സ്മാനായ തിലക് വര്‍മ ആദ്യ മത്സരത്തില്‍ നാലാം നമ്പറിലാണ് കളിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കെതിരേ മൂന്നാം നമ്പറിലിറങ്ങി രണ്ട് തുടര്‍ സെഞ്ച്വറികള്‍ നേടാന്‍ തിലകിന് സാധിച്ചിരുന്നു.
ഓപ്പണറായി ഇറങ്ങുമ്പോള്‍ തിലകിന് വീണ്ടും മിന്നിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. കടന്നാക്രമിച്ച് കളിക്കാന്‍ ശേഷിയുള്ള ബാറ്റ്സ്മാനാണ് തിലക്.
ഓപ്പണറായി കളിച്ച് അനുഭവസമ്പത്ത് കുറവാണെങ്കിലും ടോപ് ഓഡറില്‍ കളിക്കാന്‍ ആഗ്രഹമുള്ള താരത്തില്‍ നിന്ന് വലിയ പ്രകടനം തന്നെ എല്ലാവരും പ്രതീക്ഷിക്കുന്നു.
എന്തായാലും പുതിയ ഓപ്പണിങ് കൂട്ടുകെട്ടിനൊപ്പവും മിന്നിക്കാന്‍ സഞ്ജു സാംസണിന് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.
രണ്ടാം ടി20യിലും മുഹമ്മദ് ഷമി കളിച്ചേക്കില്ലെന്നാണ് വിവരം. 14 മാസത്തെ ഇടവേളക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയ ഷമി ആദ്യ മത്സരത്തില്‍ കളിക്കുമെന്നാണ് കരുതിയത്.
എന്നാല്‍ പൂര്‍ണ്ണ ഫിറ്റ്നസില്ലാത്ത കാരണത്താല്‍ തഴയപ്പെട്ടു. രണ്ടാം ടി20യിലും ഷമി ഇന്ത്യന്‍ ടീമിലുണ്ടാവില്ലെന്നാണ് വിവരം. 100% ഫിറ്റ്നസിലേക്കെത്താന്‍ ഷമിക്കായിട്ടില്ല.
കൂടാതെ ചെന്നൈയിലാണ് മത്സരമെന്നതിനാല്‍ ഇന്ത്യ സ്പിന്നിന് പ്രാധാന്യം നല്‍കിയാവും ടീമിനെ ഇറക്കുക. അതുകൊണ്ടുതന്നെ ഷമി കളിക്കാന്‍ സാധ്യതയില്ലെന്ന് തന്നെ പറയാം.
അര്‍ഷ്ദീപ് സിങ്ങിനൊപ്പം ഹാര്‍ദിക് പാണ്ഡ്യയെത്തന്നെ ന്യൂബോളില്‍ പ്രതീക്ഷിക്കാം.
ഇന്ത്യക്ക് മികച്ച റെക്കോഡ് ചെന്നൈയിലുണ്ടെങ്കിലും ജയം എളുപ്പമാവില്ലെന്നുറപ്പാണ്. ആദ്യ മത്സരം തോറ്റെങ്കിലും ഇംഗ്ലണ്ട് ശക്തമായ നിരയാണ്.
ഇന്ത്യയുടെ സാധ്യതാ 11
സഞ്ജു സാംസണ്, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (c), ദ്രുവ് ജുറേല്‍, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, നിതീഷ് കുമാര്‍ റെഡ്ഡി, അക്ഷര്‍ പട്ടേല്‍, രവി ബിഷ്നോയ്, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്