ഒരു കൊലപാതകത്തിന്‍റെ ചുറ്റും കിടന്നു കറങ്ങുകയാണ് ഇന്ത്യ- ക്യാനഡ നയതന്ത്ര ബന്ധം. കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യക്കെതിരേ നടത്തുന്ന ഓരോ പ്രസ്താവനയും ഇന്ത്യ – കാനഡ India canada നയതന്ത്ര ബന്ധം കൂടുതല്‍ വഷളാക്കുകയാണ്.
ആദ്യം കനേഡിയൻ ജനതയ്ക്ക് പ്രിയങ്കരനായിരുന്നു പ്രധാനമന്ത്രി ട്രൂഡോ. മുൻ പ്രധാനമന്ത്രി പിയറി ട്രൂഡോയുടെ മകനായ ജസ്റ്റിൻ 2015ൽ പ്രധാനമന്ത്രി സ്ഥാനത്തെത്തുമ്പോൾ പ്രായം വെറും 43.
ജസ്റ്റിൻ ട്രൂഡോ.. ബസിലും മെട്രോയിലും ജനങ്ങളെ കണ്ടാൽ ഓടിയെത്തി സംസാരിക്കും. ഷെയ്ക്ക് ഹാൻഡ് നൽകും. സെൽഫിക്ക് പോസ് ചെയ്യാൻ മടിയുമില്ല.
ചിരിച്ച മുഖവുമായി ‘ജനങ്ങളുടെ നേതാവ്” എന്ന പ്രതീതി സൃഷ്ടിക്കാൻ ട്രൂഡോ ശ്രമിച്ചു.
എന്നാൽ കാനഡയുടെ ഭരണതലപ്പത്ത് ഇരിക്കവെ അതിന്റെ പക്വത കാട്ടാൻ ട്രൂഡോ മറന്നു. ജനപ്രിയനായിരുന്ന ട്രൂഡോ രാജിവച്ച് പോകാനാണ് ജനങ്ങളിൽ ഭൂരിഭാഗവും ഇന്ന് പറയുന്നത്.അദ്ദേഹത്തിന്റെ സ്വന്തം ലിബറൽ പാർട്ടിയിലെ എം.പിമാർക്ക് പോലും ഇതേ വികാരം.
ട്രൂഡോ ഇനിയും അധികാരത്തിൽ കടിച്ചുതൂങ്ങിയാൽ അടുത്ത വർഷം ഒക്ടോബറിനകം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ലിബറലുകൾ എട്ടുനിലയിൽ പൊട്ടുമെന്ന് അവർക്കറിയാം. പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയാകട്ടെ ട്രൂഡോയുടെ വീഴ്ചകൾ ആയുധമാക്കി മുന്നേറുന്നു.
ജീവിതച്ചെലവ് കുതിച്ചതും കുടിയേറ്റം റെക്കാഡിലെത്തിയതും കനേഡിയൻ ജനതയിൽ ട്രൂഡോയോടുള്ള അതൃപ്തി ഉയർത്തി. ഒരു വീട് കിട്ടാത്ത അവസ്ഥയായെന്ന് തദ്ദേശീയർ പറയുന്നു. കാര്യങ്ങൾ കൈവിട്ട് പോകുമെന്ന് കണ്ടതോടെ കുടിയേറ്റം വെട്ടിച്ചുരുക്കാനുള്ള നടപടികൾ സർക്കാർ തുടങ്ങിയെങ്കിലും ജനം തൃപ്തരല്ല.
വോട്ടുബാങ്കിനെ ലക്ഷ്യമിട്ട് അന്താരാഷ്ട്ര ബന്ധങ്ങൾ തകിടം മറിക്കുന്ന ട്രൂഡോയുടെ നീക്കങ്ങളാണ് അമർഷത്തിന് മറ്റൊരു കാരണം. കാനഡയിൽ വേരുറപ്പിച്ച, ഇന്ത്യയെ തകർക്കാൻ ആഗ്രഹിക്കുന്ന ഖാലിസ്ഥാൻവാദികളുടെ ഗൂഢ പ്രവർത്തനങ്ങളെ ‘ ആവിഷ്കാര സ്വതന്ത്ര്യ” മെന്നാണ് ട്രൂഡോ വിശേഷിപ്പിച്ചത്.
ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ സിഖ് വംശജരുള്ള രാജ്യമാണ് കാനഡ. കനേഡിയൻ ജനസംഖ്യയിൽ 5 ശതമാനം വരുന്ന ഇന്ത്യൻ വംശജരിൽ, കൂടുതലും സിഖുകാരാണ്. ഇക്കാരണങ്ങളാൽ വോട്ടുബാങ്കിൽ ചോർച്ചയുണ്ടാകാതിരിക്കാൻ ഖാലിസ്ഥാനികളുടെ ഇന്ത്യാ വിരുദ്ധ നീക്കങ്ങളിൽ ഇടപെടാതെ ട്രൂഡോ മൗനം പാലിക്കുന്നു. എന്നാൽ സിഖ് വംശജരിൽ ഒരു വിഭാഗം മാത്രമാണ് ഖാലിസ്ഥാൻ വാദികളെന്നതും ബാക്കിയുള്ളവർ ഇതിനെ എതിർക്കുന്നുണ്ടെന്നും ട്രൂഡോ ഓർത്തില്ല.
ഇന്ത്യയുടെ ആവർത്തിച്ചുള്ള മുന്നറിയിപ്പിനെ ‘ആഭ്യന്തര കാര്യങ്ങളി”ലെ ഇടപെടൽ എന്ന് കാനഡ മുദ്രകുത്തി. കഴിഞ്ഞ വർഷം ഡൽഹിയിൽ ജി 20 ഉച്ചകോടിയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ലോകനേതാക്കളുമായി ഉഭയകക്ഷി ചർച്ചകൾ നടത്തിയെങ്കിലും ട്രൂഡോയുമായി സാധാരണ കൂടിക്കാഴ്ചയാണ് നടത്തിയത്. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് നേരെയുള്ള ഖാലിസ്ഥാൻ ഭീഷണി തുടരുന്നത് മോദി ഉന്നയിച്ചു. ട്രൂഡോയെ ഉഭയകക്ഷി ചർച്ചയിൽ നിന്ന് മാറ്റിനിറുത്തിയതിലൂടെ തന്നെ വിഷയത്തിലെ ഗൗരവം ഇന്ത്യ വ്യക്തമാക്കി.
ഇതിനിടെ, ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജർ കാനഡയിൽ വച്ച് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചതിന് പിന്നിൽ ഇന്ത്യൻ ഏജന്റുമാരാണെന്ന ട്രൂഡോയുടെ പ്രസ്താവനയോടെ കാര്യങ്ങൾ കൈവിട്ടു. നിജ്ജറെ ‘മനുഷ്യാവകാശ ആക്ടിവിസ്റ്റ്” ആയാണ് കാനഡ കാണുന്നത്.
ഇരുരാജ്യങ്ങളുടെ നയതന്ത്ര ബന്ധം തകർന്നു. കനേഡിയൻ നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയും സ്വന്തം പ്രതിനിധികളെ തിരിച്ചുവിളിച്ചും ഇന്ത്യ നിലപാട് കടുപ്പിച്ചു. ട്രൂഡോയുടെ ആരോപണം അസംബന്ധവും രാഷ്ട്രീയ പ്രേരിതവുമെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. തെളിവുകൾ കാട്ടാനും പറയുന്നു.
എന്നാൽ, വോട്ടുബാങ്കിനെ വലംകൈയിൽ വച്ച് തെളിവുകൾ പോലും നൽകാതെ ഇപ്പോഴും ഇന്ത്യയെ കുറ്റപ്പെടുത്തുന്ന ട്രൂഡോ ഇരു രാജ്യങ്ങളും വർഷങ്ങൾ കൊണ്ട് കെട്ടിപ്പടുത്ത സൗഹൃദവും നയതന്ത്ര ബന്ധവുമാണ് തകർത്തുകൊണ്ടിരിക്കുന്നത്
2023 ജൂണ്‍ മാസത്തിലാണ് കാനഡയുടെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ സറെ ഗുരുദ്വാര ക്യാംപസില്‍ വച്ച് ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് നേതാവും ഗുരുദ്വാര കമ്മിറ്റി നേതാവുമായ ഹര്‍ദീപ് സിങ് നിജ്ജാര്‍ അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.
തുടര്‍ന്ന് 2023 സെപ്റ്റംബര്‍ മാസത്തില്‍ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയാണെന്ന് കുറ്റപ്പെടുത്തിക്കൊണ്ട് ജസ്റ്റിന്‍ ട്രൂഡോ കാനഡ പാര്‍ലമെന്‍റില്‍ പ്രസ്താവന നടത്തി. ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണ് ആരോപണമെന്നു മറുപടി പറയുകയും തെളിവുണ്ടെങ്കില്‍ കൈമാറാനും ആവശ്യപ്പെട്ടു.
ഇതിന്‍റെ തുടര്‍ച്ചയായി ഇരു രാജ്യങ്ങളിലേയും നയതന്ത്ര കാര്യാലയങ്ങളില്‍ നിന്നും കുറെ ഉദ്യോഗസ്ഥരെ കഴിഞ്ഞ വര്‍ഷം തന്നെ പുറത്താക്കി.
ബന്ധങ്ങളില്‍ ഉണ്ടായ ഈ തണുപ്പും അകല്‍ച്ചയും, കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ വച്ച് നടന്ന ജി -20 ഉച്ചകോടിയില്‍ സംബന്ധിക്കാന്‍ എത്തിയ ജസ്റ്റിന്‍ ട്രൂഡോ നേരിട്ട് അനുഭവിക്കുകയും ചെയ്തു.
മറ്റ് എല്ലാ രാജ്യങ്ങളിലെയും രാജ്യ- ഭരണ തലവന്മാരുമായി ഉഭയകക്ഷി ബന്ധങ്ങള്‍ ചര്‍ച്ച ചെയ്തപ്പോള്‍ ക്യാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായി ഏതെങ്കിലും തരത്തിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുന്നതില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ഒഴിഞ്ഞുനിന്നു.
ട്രൂഡോ ഇന്ത്യയിലേക്ക് എത്തിയ ക്യാനഡയുടെ വിമാനത്തിനുണ്ടായ സാങ്കേതിക തകരാറു കാരണം അദ്ദേഹത്തിന്‍റെ മടക്കയാത്ര രണ്ടു ദിവസം വൈകുകയും ആ രണ്ടു ദിവസങ്ങളും ഹോട്ടലിലെ അടച്ചിട്ട മുറിയില്‍ ട്രൂഡോ ഒതുങ്ങി കൂടുവാനും നിര്‍ബന്ധിതനായി.