അഹമ്മദാബാദ്: ലോകകപ്പ് ഫൈനലിൽ ആരാധകരെ നിരാശരാക്കി ഇന്ത്യയുടെ ബാറ്റിങ് നിര. മികച്ച താരങ്ങൾക്കടക്കം ഓസ്‌ട്രേലിയയുടെ ബൗളിങ് നിരയ്ക്ക് മുന്നിൽ പിടിച്ചു നിൽക്കാനായില്ല. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനിറങ്ങിയ ഇന്ത്യ 240 റൺ നേടി എല്ലാവരും പുറത്താകുകയായിരുന്നു. ഓപ്പണർമാരായി ഇറങ്ങിയ നായകൻ രോഹിത് ശർമ്മ 31 പന്തിൽ 47 റൺസെടുത്ത് പുറത്തായപ്പോൾ ശുഭ്മാൻ ഗില്ലിനു നേടാനായത് നാലു റൺ മാത്രം. നാലു റൺസ് എടുത്ത ശ്രേയസ് അയ്യരെ ഓസീസ് നായകൻ പാറ്റ് കമ്മിൻസ് തളച്ചു.
ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോലി 54 റൺസെടുത്ത് പുറത്തായതോടെ ഇന്ത്യൻ ആരാധകരുടെ പ്രതീക്ഷകൾക്ക് മങ്ങലേറ്റു. തുടർന്ന് വന്ന ജഡേജയും വളരെ വേഗത്തിൽ തന്നെ കളത്തിൽ നിന്ന് പുറത്തു പോകേണ്ടി വന്നു. തകർന്നടിഞ്ഞ ഇന്ത്യയെ കെ എൽ രാഹുലാണ് ഭേദപ്പെട്ട സ്‌കോറിൽ എത്തിച്ചത്. എന്നാൽ 66 റൺസ് നേടി രാഹുലും പുറത്തായി. ആറു റൺ നേടി മുഹമ്മദ് ഷമിയും ഒരു റൺ മാത്രം നേടി ജസ്പ്രീത് ബുമ്രയും കളംവിട്ടു. 18 റൺസുമായി സൂര്യകുമാർ യാദവ് കൂടി മടങ്ങിയതോടെ ഇന്ത്യയുടെ റൺവേട്ടയ്ക്ക് ഏറെക്കുറെ അവസാനമായി.
ഏറെ പ്രതീക്ഷകളോടെ ലോകകപ്പ് ഫൈനലിനിറങ്ങിയ ഇന്ത്യയുടെ ബാറ്റിങ് നിര തകർന്നടിയുന്ന കാഴ്ചയ്ക്കാണ് അഹമ്മബാദ് സ്റ്റേഡിയം സാക്ഷിയായത്. കഴിഞ്ഞ പത്തു മത്സരങ്ങളിലും റൺസ് വാരിക്കൂട്ടിയ ഇന്ത്യയുടെ കരുത്തരായ ബാറ്റർമാർക്ക് ഓസീസ് പടയ്ക്കു മുന്നിൽ തല കുനിക്കേണ്ടി വന്നു. മറുപടി ബാറ്റിങിറങ്ങുന്ന ഓസ്‌ട്രേലിയയുടെ വിക്കറ്റുകൾ വളരെ വേഗത്തിൽ വീഴ്ത്താനായില്ലെങ്കിൽ മൂന്നാം കിരീടമെന്ന സ്വപ്നം ഇന്ത്യ മറക്കേണ്ടി വരും.
Read Also: ടോസ് നഷ്ടത്തോടെ ഇന്ത്യയുടെ തുടക്കം; ഫൈനലിൽ ടോസ് നേടി ഓസ്‌ട്രേലിയ