ബെംഗളൂരു: അഫ്ഗാനിസ്ഥാനെതിരായ ട്വന്‍റി 20 പരമ്പരയിലെ അവസാന മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുന്നു. ആദ്യ രണ്ട് കളിയും തകർപ്പൻ ജയം സ്വന്തമാക്കിയ ഇന്ത്യൻ ടീം ഇതിനോടകം തന്നെ പരമ്പര നേടി കഴിഞ്ഞു. അതേസമയം നാണക്കേട് ഒഴിവാക്കാനായി ആശ്വാസം ജയം തേടിയാണ് അഫ്ഗാനിസ്ഥാൻ കളത്തിലിറങ്ങുന്നത്. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴു മണി മുതലാണ് മത്സരം. ലോകകപ്പിന് മുൻപുള്ള ഇന്ത്യയുടെ അവസാന അന്താരാഷ്ട്ര ട്വന്‍റി 20 മത്സരം കൂടിയാണിത്.
ഇന്നത്തെ മത്സര വിജയം ഇന്ത്യയെ സംബന്ധിച്ചിടത്തോളം അനിവാര്യമല്ലാത്തതിനാൽ പുറത്തിരിക്കുന്ന താരങ്ങൾക്ക് അവസരം നൽകാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ കഴിഞ്ഞ മത്സരത്തിൽ പൂജ്യത്തിന് പുറത്തായ ജിതേഷ് ശർമയ്ക്ക് പകരം മലയാളി താരം സഞ്ജു സാംസൺ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ.
ഇന്‍ഡോറില്‍ നടന്ന രണ്ടാം ടി20യില്‍ ആറ് വിക്കറ്റിന് ജയിച്ചാണ് ടീം ഇന്ത്യ പരമ്പര നേടിയത്. മൊഹാലി വേദിയായ ആദ്യ ട്വന്‍റി 20യിലും ഇന്ത്യന്‍ ജയം ആറ് വിക്കറ്റിനായിരുന്നു. ആദ്യ ട്വന്‍റി 20യില്‍ അര്‍ധസെഞ്ചുറിയുമായി ശിവം ദുബെയും രണ്ടാമത്തേതില്‍ രണ്ട് വിക്കറ്റ് പ്രകടനവുമായി അക്സര്‍ പട്ടേലും മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ ആദ്യ മത്സരത്തിൽ റണ്ണൗട്ടാകുകയും രണ്ടാം മത്സരത്തിലും പൂജ്യത്തിന് പുറത്തായ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ പരാജയവും പരമ്പരയിലെ ശ്രദ്ധേയ വിഷയമായിരുന്നു. രോഹിതിന്റെ ഫോം നിലവിൽ ആശങ്കയ്ക്ക് കാരണമായേക്കില്ലെങ്കിലും, ഇന്ന് മികച്ച സ്കോർ നായകൻ കണ്ടെത്തിയേ മതിയാകൂ.
Read Also: ഫിഫ ദി ബെസ്റ്റ് പുരസ്കാരം ലയണൽ മെസ്സിക്ക്; അയ്റ്റാന ബോൺമറ്റി വനിതാ താരം