കൽപ്പറ്റ: വയനാട് കൊല്ലിമൂലയിൽ ആദിവാസികളുടെ കുടിലുകൾ പൊളിച്ച സംഭവത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസറെ സസ്‌പെൻഡ് ചെയ്തു. ഓഫീസർ പി കൃഷ്ണനെയാണ് സസ്‌പെൻഡ് ചെയ്തത്. വനംമന്ത്രി എ കെ ശശീന്ദ്രന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.(Incident of demolishing tribal huts in Wayanad; Section Forest Officer Suspended)
തിരുനെല്ലി പഞ്ചായത്തിലാണ് സംഭവം. തോൽപ്പെട്ടി റേഞ്ചിലെ ബേഗൂർ വനത്തിനോട് ചേർന്നുള്ള കൊള്ളിമൂല ആദിവാസി സെറ്റിൽമെന്റിലെ മൂന്ന് വീടുകളാണ് വനം വകുപ്പ് പൊളിച്ചു കളഞ്ഞത്. പകൽ സമയത്ത് പോലും കാട്ടാനയുടെ ശല്യം രൂക്ഷമായ പ്രദേശത്ത് ഇന്നലെ രാത്രി 7.45നായിരുന്നു സംഭവം. തുടർന്ന് ഗർഭിണികളും കുട്ടികളുമടങ്ങിയ കുടുംബം പുലരുവോളം വനത്തിലാണ് കഴിഞ്ഞത്.
വനം വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പില്ലാതെയാണ് കുടിലുകൾ പൊളിച്ചത്. ഇവരുടെ ഭക്ഷണ പാത്രങ്ങൾ വലിച്ചെറിഞ്ഞു. സംഭവത്തിൽ ടി. സിദ്ദിഖിന്റെ നേതൃത്വത്തിൽ ആദിവാസികളെ അണിനിരത്തി കോൺഗ്രസ് തോൽപ്പെട്ടി റേഞ്ച് ഓഫീസിന് മുന്നിൽ പ്രതിഷേധം നടത്തിയിരുന്നു. പ്രതിഷേധം കനത്തതോടെ ഡി.എഫ്.ഒയുമായി നടത്തിയ ചർച്ചയിൽ ആദിവാസികളെ വനം വകുപ്പിന്റെ ഡോർമെറ്ററിയിലേക്ക് മാറ്റി. പൊളിച്ച വീടുകൾ വീണ്ടും നിർമ്മിക്കുമെന്നും വനം വകുപ്പ് അറിയിച്ചു.