മൂന്ന് വർഷങ്ങൾക്കുള്ളിൽ ആര്‍ട്ടിക് സമുദ്രത്തില്‍ മഞ്ഞില്ലാത്ത ദിനങ്ങൾ വരുമെന്ന് റിപ്പോർട്ട്. കടുത്ത കാലാവസ്ഥാ വ്യതിയാനത്തിന്റെ അതിഭീകരമായ അവസ്ഥയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.
ഈ മാസം പുറത്തിറങ്ങിയ നേച്ചര്‍ കമ്യൂണിക്കേഷന്‍സ് എന്ന ജേണലിലാണ് 2027-ല്‍ ആര്‍ട്ടിക് മഞ്ഞുപാളികളില്ലാതാകുമെന്നു മുന്നറിയിപ്പ് റിപ്പോർട്ട് ഉള്ളത്. അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് പ്രവചനം. യു.എസിലെ കൊളറാഡോ ബൗള്‍ഡര്‍ യൂണിവേഴ്സിറ്റിയിലെയും സ്വീഡനിലെ ഗോഥന്‍ബെര്‍ഗ് യൂണിവേഴ്സിറ്റിയിലെയും കാലാവസ്ഥാ ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍.
ഇത് അത്ര ശുഭ സൂചനയല്ല എന്നാണ് ഗവേഷകർ പറയുന്നത്. മുൻപ് നടത്തിയ പഠനത്തിൽ 20 വര്‍ഷത്തിനുള്ളില്‍ ആര്‍ട്ടിക് പൂര്‍ണമായും മഞ്ഞുപാളികളില്ലാത്ത മേഖലയായി മാറുമെന്നാണ് റിപ്പോർട്ട് വന്നത്.
എന്നാല്‍ അടുത്ത മൂന്നോ ആറോ വർഷത്തിനുള്ളിൽ ഇത് സംഭവിക്കാനുള്ള സാദ്ധ്യതകൾ വർദ്ധിക്കുകയാണെന്നാണ് ഗവേഷകർ വിലയിരുത്തുന്നത്.
ആർട്ടിക്കിലെ 10 ലക്ഷം ചതുരശ്ര കിലോമീറ്ററോ അതില്‍ താഴെയോ ഉള്ള ഹിമപ്രദേശങ്ങളിലാണ് ഇത് സംഭവിക്കുക. ആറു വർഷത്തിനുള്ളിൽ ഇത് സുനിശ്ചിതമാണ്.
കഴിഞ്ഞ ശൈത്യകാലത്തും വസന്തകാലത്തും ഇവിടെയുണ്ടായിരുന്ന താപ അന്തരീക്ഷത്തെ മുന്‍നിര്‍ത്തിയാണ് ഈ റിപ്പോർട്ടിലേക്ക് എത്തിയത്. നാസയുടെ കണക്കനുസരിച്ച് ഇപ്പോള്‍ ആര്‍ട്ടിക് സമുദ്രത്തിലെ മഞ്ഞിന്റെ അളവ് അഭൂതപൂര്‍വമായ തോതില്‍ ഉരുകിക്കൊണ്ടിരിക്കുകയാണ്.
മഞ്ഞുരുകുന്നതിന്റെ വേഗത 12 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. ഇത് തുടര്‍ന്നാല്‍ മഞ്ഞുപാളികളുടെ നഷ്ടത്തിന് കാരണമാകുമെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. ചെറിയ തോതിൽ തുടങ്ങി പിന്നീട് ആർട്ടിക്കിലെ കാലാവസ്ഥയെ പൂർണമായും തകർത്തുകളയുന്ന പ്രതിഭാസമാണ് നടക്കാൻ പോകുന്നതെന്ന് ഗവേഷകർ പറയുന്നു.