തിരുവനന്തപുരം: തിരുവനന്തപുരത്ത് അഞ്ചാം ക്ലാസുകാരനെ അമ്മയും സുഹൃത്തും ചേർന്ന് ക്രൂരമായി മർദിച്ചതായി പരാതി. പോത്തൻകോട് സെൻ്റ് തോമസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയായ സനുഷിനെയാണ് അമ്മയും സുഹൃത്തും ചേർന്ന് മർദനത്തിനിരയാക്കിയത്. ചൂരൽ ഉപയോഗിച്ച് കുട്ടിയുടെ രണ്ട് കാലും കൈയും അടിച്ചു പൊട്ടിച്ചു. അടികൊണ്ട് നിലത്തുവീണ കുട്ടിയെ ഇവർ കഴുത്തിൽ കുത്തിപ്പിടിച്ച് വീണ്ടും മർദിച്ചുവെന്നും കുട്ടി വെളിപ്പെടുത്തി.
ട്യൂഷന് പോകാത്തതിന്റെ പേരിലാണ് കുട്ടി ക്രൂര മർദനം നേരിട്ടത്. അമ്മയുടെ സുഹൃത്തിനെ തനിക്ക് ഇഷ്ടമല്ല എന്ന പറഞ്ഞതും മർദനത്തിന് കാരണമായി. മുൻപും തന്നെ സമാനമായ രീതിയിൽ അമ്മ മർദിച്ചിരുന്നുവെന്ന് കുട്ടി വ്യക്തമാക്കി. പിന്നീട് സ്കൂൾ കഴിഞ്ഞ് കുട്ടി പേടിച്ച് അച്ഛൻ്റെ വീട്ടിലേക്ക് പോവുകയായിരുന്നു. പിന്നീട് ചോദിച്ചപ്പോഴാണ് മർദനത്തിന്റെ കാര്യം കുട്ടി വെളിപ്പെടുത്തിയത്. സംഭവത്തിൽ വിദ്യാർഥിയുടെ മാതാവായ അനു, സുഹൃത്ത് പ്രണവ് എന്നിവർക്കെതിരെയാണ് പരാതി. നിലവിൽ കുട്ടിയെ തിരുവനന്തപുരം എസ് എ എ റ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മാർക്ക് കുറഞ്ഞു; 17 വയസുകാരിയെ പിതാവ് തല്ലിക്കൊന്നു
സാംഗ്ലി: മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ മകളെ പിതാവ് തല്ലിക്കൊന്നു. നീറ്റ് പരീക്ഷയുടെ മോക്ക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞതിന്റെ പേരിലായിരുന്നു 17 വയസുകാരിയെ കൊലപ്പെടുത്തിയത്.സാധിക ബോൺസ്‌ലെ എന്ന വിദ്യാർഥിനിയെയെയാണ് സ്കൂൾ അധ്യാപകൻ കൂടിയായ പിതാവ് കൊലപ്പെടുത്തിയത്. പഠിക്കാൻ മിടുക്കിയായിരുന്നു സാധിക ബോൺസ്‌ലെ. പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ 92.60 ശതമാനം മാർക്ക് നേടി മികച്ച വിജയം നേടി. എന്നാൽ പെൺകുട്ടിക്ക് നീറ്റ് പരീക്ഷയുടെ മോക്ക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞത് പിതാവിന് അംഗീകരിക്കാനായില്ല.
മോക് ടെസ്റ്റുകളിൽ കുറഞ്ഞ മാർക്ക് നേടിയതിൽ പിതാവ് രോഷാകുലനായി
ഇതേത്തുടർന്നാണ് ധോണ്ടിറാം ബോൺസ്‌ലെ സ്വന്തം മകളെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുറച്ചു നാളുകളായി നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന സാധിക. മോക് ടെസ്റ്റുകളിൽ കുറഞ്ഞ മാർക്ക് നേടിയതിൽ പിതാവ് രോഷാകുലനാവുകയായിരുന്നു. ഇതേതുടർന്നുണ്ടായ ദേഷ്യത്തിൽ ഇയാൾ 17 വയസ്സുകാരിയായ മകളെ വടികൊണ്ട് നിർത്താതെ ക്രൂരമായി മർദിച്ചു.
12ാം ക്ലാസ് വിദ്യാർഥിനിയായ സാധികയ്ക്ക് മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. സാംഗ്ലിയിലെ ഉഷാകാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുട്ടി ആശുപത്രിയിൽ എത്തും മുൻപേ തന്നെ മരിച്ചു. തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കാണ് കുട്ടി മരിക്കാനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു.
കുറഞ്ഞ് മാർക്ക് ലഭിച്ചതിന് ഭർത്താവ് മകളെ ക്രൂരമായി മർദിച്ചുവെന്നും ആശുപത്രിയിൽ എത്തും മുന്നേ തന്നെ മരണം സ്ഥിരീകരിച്ചെന്നും കാണിച്ച് സാധികയുടെ അമ്മ പോലീസിൽ പരാതി നൽകിയിരുന്നു. ജൂൺ 22-ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മകളെ മർദിച്ചതായി പിതാവ് സമ്മതിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം തുടരുകയാണ്.
English Summary:
In Thiruvananthapuram, a disturbing incident has been reported where a fifth-grade student was brutally assaulted by his mother and her friend.