മേപ്പാടി: മുണ്ടക്കൈയിൽ മണ്ണിനടിയിൽ റഡാർ പരിശോധനയിൽ ജീവന്‍റെ സിഗ്നൽ ലഭിച്ചെങ്കിലും മനുഷ്യശരീരത്തിൽനിന്നാകാൻ സാധ്യതയില്ലെന്ന് വിദഗ്ധർ.In Mundakai, the underground radar detected a life signal, but experts said it was unlikely to be from a human body
സിഗ്നൽ ലഭിച്ച സ്ഥലത്ത് മണ്ണും കല്ലും നീക്കി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. രണ്ടാമതും റഡാർ പരിശോധന നടത്തിയശേഷമാണ് തവളയോ, പാമ്പോ പോലുള്ള ജീവികളാകാമെന്ന നിഗമനത്തിൽ ഉദ്യോഗസ്ഥരെത്തിയത്.
ശനിയാഴ്ച കൂടുതൽ പ്രദേശത്ത് റഡാർ പരിശോധന നടത്തും. മുണ്ടക്കൈ അങ്ങാടിയിൽ അത്യാധുനിക തെർമൽ ഇമേജ് റഡാർ (ഹ്യൂമൻ റെസ്‌ക്യൂ റഡാർ) ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മണ്ണിനടിയിൽ രണ്ടു തവണ സിഗ്നൽ ലഭിച്ചത്.
മനുഷ്യന്‍റേതെന്ന് ഉറപ്പില്ലെങ്കിലും സ്ഥലത്ത് സൂക്ഷ്മതയോടെ മണ്ണുമാറ്റി പരിശോധന നടത്തുകയായിരുന്നു. കലുങ്കിനുള്ളിൽനിന്നാണ് സിഗ്നൽ ലഭിച്ചത്. തുടർന്ന് മണ്ണും കല്ലും മാറ്റി രക്ഷാപ്രവർത്തകർ പരിശോധന നടത്തുകയായിരുന്നു.
വീടും കടയും ചേർന്ന കെട്ടിടം നിന്നിരുന്ന സ്ഥലത്താണ് സിഗ്നൽ കാണിച്ചത്. ഇതനുസരിച്ച് കട നിന്നിരുന്ന സ്ഥലത്തെ മണ്ണും കോൺക്രീറ്റ് ഭാഗങ്ങളും മാറ്റിയാണ് പരിശോധന നടത്തിയത്. 50 മീറ്റർ ചുറ്റളവിലാണ് സിഗ്നൽ ലഭിച്ചത്.
ശ്വസനവും ജീവനുമുള്ള വസ്തുക്കളുടെ ബ്ലൂ സിഗ്നലാണ് ലഭിച്ചത്. റഷ്യൻ നിർമിത റഡാർ ഉപയോഗിച്ചാണ് പരിശോധന നടത്തിയത്. ഇവിടെ മൂന്നുപേരെ കാണാതായിരുന്നു.
കെട്ടിടാവശിഷ്ടങ്ങൾക്കും മൺകൂമ്പാരത്തിനുമടിയിൽ നിശ്ചിത താഴ്ചയിലും പരപ്പിലും ജീവന്റെ ഒരു കണികയെങ്കിലുമുള്ള മനുഷ്യരോ മൃഗങ്ങളോ ഉണ്ടെങ്കിൽ റഡാറിൽ സിഗ്നൽ കാണിക്കും.
സിഗ്നൽ ലഭിച്ചതോടെ ഹിറ്റാച്ചി ഉപയോഗിച്ച് ഏറെ ശ്രദ്ധയോടെയാണ് മണ്ണ് നീക്കുന്നത്. 40 ഇഞ്ച് കോൺക്രീറ്റ് പാളിക്കടിയിൽ ആളുണ്ടെങ്കിൽ സിഗ്നൽ കാണിക്കും.
പ്രദേശത്ത് ഫയർ ആൻഡ് റെസ്‌ക്യൂ സേനയും സൈനികരും മറ്റ് സന്നദ്ധ സംഘടനാ പ്രവർത്തകരുമുണ്ട്. വെള്ളിയാഴ്ച രാവിലെ പടവെട്ടിക്കുന്നിൽ സൈന്യം നടത്തിയ രക്ഷാപ്രവർത്തനത്തിൽ തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് നാലുപേരെ ജീവനോടെ കണ്ടെത്തിയിരുന്നു.