മധ്യകേരളത്തിൽ ബീഫ് തീൻമേശയിലെത്തുമ്പോൾ പൊള്ളും
ബീഫിന് വൻ മാർക്കറ്റുള്ള മധ്യകേരളത്തിൽ തീൻമേശകളുടെ ബജറ്റ് തെറ്റിച്ച് പോത്തിറച്ചിക്ക് പൊള്ളുന്ന വില . 420 മുതൽ 460 വരെയാണ് വിവിധ പ്രദേശങ്ങളിൽ പോത്തിന് വില.
തിമിഴ്‌നാട്ടിൽ നിന്നും വൻ തോതിൽ മാടുകൾ എത്തുന്ന ഇടുക്കിയുടെ അതിർത്തി പ്രദേശങ്ങളിൽ പോലും വില 440 ആണ്.
400 രൂപയായിരുന്ന വിലയാണ് ഒറ്റയടിക്ക് 440 ആയി ഉയർന്നത്. തമിഴ്‌നാട്ടിൽ നിന്ന് പോത്തിനെ കിട്ടാനുള്ള ബുദ്ധിമുട്ടും ജോലിക്കാരു ടെ കൂലിയും മുറി വാടക ഉൾപ്പെടെയുള്ള ചെലവും നോക്കുമ്പോൾ മുതലാകാത്തതിനാലാണ് 440 രൂപയിലേക്ക് വില എത്തിച്ചതെന്നാണ് കച്ചവടക്കാരുടെ ഭാഷ്യം.
നല്ലപോത്തിനെ കിട്ടാനില്ലാത്തതാണ് പോത്ത് വില വർധിക്കാൻ മറ്റൊരു കാരണമായത്. കോവിഡ് കാലത്തും അതിനുശേഷവും ഒട്ടേറെപ്പേർ കേരളത്തിൽ പോത്തുകൃഷിയിലേക്ക് കടന്നിരുന്നു.
ചുരുങ്ങിയ കാലം കൊണ്ട് വലിയ വരുമാനം ഉണ്ടാക്കാമെന്ന ലക്ഷ്യമായിരുന്നു. കോവിഡ് പ്രതിസന്ധി മാറിയതോടെ പലരുമിത് ഉപേക്ഷിച്ചു. കാലിത്തീറ്റയുടെ അടക്കം മറ്റു ചെലവുകൾ ക്രമാതീതമായി ഉയർന്നത് മാടുകളുടെ വില ഉയരാൻ ഇട യായി.
ഇതോടെ നാടൻ പോത്തുകളു ടെ ലഭ്യത കുറഞ്ഞു. തമിഴ്നാട്ടിൽനിന്നും കർ ണാടകയിൽനിന്നും പോത്തുകളുടെ വരവിൽ ഗണ്യമായ കുറവ് വന്നതോടെ ഇറച്ചിവില കുട്ടാതെ പിടിച്ചു നിൽക്കാനാവില്ലെന്നാണ് ഈ മേഖലയിൽ തൊഴിലെടുക്കുന്നവർ പറയുന്നത്.
നാടൻ പോത്താണെങ്കിൽ 500 രൂപയ്ക്ക് മുകളിൽ വില ഈടാക്കിയാൽ മാത്രമേ പിടിച്ചു നിൽക്കാനാകൂ. ഇതോടെയാണ് ഇറച്ചി വിലയും ഉയർത്താൻ നിർബന്ധിതരായ തെന്ന് ഇറച്ചി വ്യാപാരികൾ പറയുന്നു.
കർണാടകയിലെ ഗോസംരക്ഷണ പ്രവർത്തകരും കേരളത്തിലേക്ക് വരുന്ന അറവുമാടു വണ്ടി തടഞ്ഞ് പോത്തുകളെ പിടിച്ചുകൊണ്ട് പോകുന്നുണ്ട്.
ഇതിനെ നിയമപരാമയി എതിർക്കുന്ന കേരളത്തിലെ വ്യാപാരികളെ കേരളത്തിലെത്തി അപായപ്പെടുത്താനും ഗോസംരക്ഷണ സംഘങ്ങൾ പദ്ധതിയിട്ടിരുന്നു.
വില വർധനവിനെതിരെ ഉപഭോക്താക്കൾ പ്രതിഷേധിച്ചെങ്കിലും നാടൻ പോത്തിന്റെ ഇറച്ചിയ്ക്ക് 460 രൂപയെങ്കിലും കിട്ടണമെന്ന് വ്യാപാരികൾ പറയുന്നു. പ്രതിഷേധം ഉയർന്നതോടെ കാള, പശു ഇറച്ചികളും 400 രൂപയ്ക്ക് വിപണിയിൽ എത്തിക്കുന്നുണ്ട്.