സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം
തിരുവന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പുതുക്കിയ മുന്നറിയിപ്പ് പ്രകാരം മൂന്നു ജില്ലകളിൽ റെഡ് അലേർട്ട് ആണ്. എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്.
എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലേർട്ടുമാണ്.
എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
അതേസമയം സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിലും 28, 29 തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
ജാഗ്രതാ നിർദേശങ്ങൾ:
കാറ്റും മഴയും ഉണ്ടാകുന്ന സമയങ്ങളിൽ മരങ്ങളുടെ കീഴിൽ നിൽക്കരുത്, അതുപോലെ വാഹനങ്ങളും പാർക്ക് ചെയ്യരുത്.
മരങ്ങൾ കടുത്ത കാറ്റിൽ അടിയന്തരമായി വീഴാൻ സാധ്യതയുള്ളതിനാൽ സുരക്ഷ അത്യാവശ്യമാണ്.
ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ എന്നിവ കാറ്റിൽ തകരാൻ സാധ്യതയുള്ളവയാണ്. കാറ്റില്ലാത്ത സമയത്തുതന്നെ ഇവ ബലപ്പെടുത്തുകയോ അഴിച്ചു മാറ്റുകയോ ചെയ്യണം.
ഓല മേഞ്ഞതോ, ഷീറ്റ് അടുക്കിയതോ, ഉറപ്പില്ലാത്തതോ ആയ കെട്ടിടങ്ങളിൽ താമസിക്കുന്നവർ മുന്നറിയിപ്പു ലഭിച്ചാൽ സുരക്ഷിത കെട്ടിടങ്ങളിലേയ്ക്ക് മാറേണ്ടതാണ്.
തദ്ദേശ സ്ഥാപനതല ദുരന്ത ലഘൂകരണ പദ്ധതിയിലൂടെ തിരിച്ചറിഞ്ഞ ആളുകളെ അവശ്യഘട്ടങ്ങളിൽ റിലീഫ് ക്യാമ്പുകളിലേക്ക് മാറ്റുന്നതിനായി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, രവന്യൂ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരും ചേർന്ന് നടപടികൾ സ്വീകരിക്കണം.
വീട്ടുവളപ്പിലുള്ള മരങ്ങളിലെ അപകടം സൃഷ്ടിക്കാവുന്ന ചില്ലകൾ വെട്ടിയൊതുക്കുക. പൊതുസ്ഥലങ്ങളിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ കാണുന്നുവെങ്കിൽ ഉടൻ തദ്ദേശ സ്ഥാപനത്തെ അറിയിക്കുക.
ചുമരിൽ ചാരി വച്ചിരിക്കുന്ന കോണികൾ, കാറ്റിൽ വീഴാനിടയുള്ള മറ്റ് വസ്തുക്കൾ എന്നിവ കയറുകൾ ഉപയോഗിച്ച് ഉറപ്പിച്ചു കെട്ടണം.
കാറ്റ് വീശിത്തുടങ്ങിയാൽ വാതിലുകളും ജനലുകളും അടച്ചിടണം. ഇവയുടെ സമീപത്ത് നിന്ന് അകലം പാലിക്കുക. ടെറസിൽ നിന്ന് മാറി നിൽക്കുക.
കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാൻ സാധ്യതയുണ്ട്. ഇത്തരം അപകടങ്ങൾ കാണുന്നുണ്ടെങ്കിൽ ഉടൻ തന്നെ:
📞 KSEB കൺട്രോൾ റൂം – 1912
📞 ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂം – 1077
എന്നിവയിൽ വിവരം അറിയിക്കുക. സുരക്ഷയെ അവഗണിക്കരുത് – ജാഗ്രതയും സഹകരണവുമാണ് ജീവൻ രക്ഷയാകുന്നത്.
മഴക്കെടുതിയിൽ രണ്ടു മരണം
തൊടുപുഴ: കനത്ത കാറ്റിൽ മരം ഒടിഞ്ഞു വീണ് സംസ്ഥാനത്ത് രണ്ടു മരണം.
ഇന്നലെ ഇടുക്കി ചക്കുപള്ളം എസ്ടിബി എസ്റ്റേറ്റിൽ ജോലി ചെയ്യുന്ന തൊഴിലാളിയുടെ മുകളിലേക്ക് മരത്തിന്റെ ശിഖരം ഒടിഞ്ഞു വീണ് കമ്പം ഗൂഡല്ലൂർ സ്വദേശിനി സുധ(50) മരിച്ചു.
മൃതദേഹം പുറ്റടി ഗവൺമെന്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മറ്റൊരു സ്ത്രീക്ക് ചെറിയ പരിക്കുകളോടെ കമ്പത്ത് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ശനിയാഴ്ച പുലർച്ചെ കണ്ണൂരിൽ വീടിന് മുകളിൽ മരം പൊട്ടി വീണ് വയോധികൻ മരിച്ചു.
കണ്ണൂർ കോളയാട് പെരുവ തെറ്റുമ്മലിലെ എനിയാടൻ ചന്ദ്രനാണ് (78) മരിച്ചത്. പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം.
ചുഴലിക്കാറ്റിൽ പ്രദേശത്ത് വ്യാപക നാശ നഷ്ടമുണ്ടായിട്ടുണ്ട്. പാറക്കുണ്ട് ഉന്നതിയിലെ രജീഷിന്റെയും തെറ്റുമ്മലിലെ മാതുവിന്റെയും വീടുകൾ മരങ്ങൾ വീണ് തകർന്നു.
പ്രദേശത്തേക്കുള്ള റോഡിൽ കൂറ്റൻ മരം പൊട്ടി വീണ് ഗതാഗതവും തടസപ്പെട്ട നിലയിലാണ്.
Summary: The India Meteorological Department (IMD) has updated the weather alert in Kerala, issuing a Red Alert for three districts — Ernakulam, Idukki, and Thrissur.