ദശലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ കൊറോണ വൈറസ് (COVID-19) വുഹാനിലെ ഒരു ലാബിൽ നിന്നാണ് ചോർന്നതെന്ന ഗൂഢാലോചന സിദ്ധാന്തങ്ങൾക്കിടയിൽ ചൈനയിൽ നിന്ന് ഒരു പുതിയ ഭീഷണി. ചൈനയിലെ ഹെബെയ് മെഡിക്കൽ സർവ്വകലാശാലയിലെ ശാസ്ത്രജ്ഞർ എബോള വൈറസിന്റെ ഭാഗങ്ങൾ ഉപയോഗിച്ച് പുതിയ ഒരു വൈറസിനെ നിർമ്മിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. എബോളയുടെ ലക്ഷണങ്ങളും മറ്റും പഠിക്കുന്നതിനായാണ് വൈറസിനെ സൃഷ്ടിച്ചതെങ്കിലും ഈ വൈറസിന് മൂന്നു ദിവസത്തിനുള്ളിൽ ജീവനെടുക്കാൻ കഴിവുണ്ടെന്നത് ശാസ്ത്രജ്ഞർക്ക് ഒരേ സമയം അത്ഭുതവും ഭയവും സമ്മാനിക്കുന്നു. വെറും മൂന്ന് ദിവസത്തിനുള്ളിൽ ലാബ് ഹാംസ്റ്ററുകളെ കൊന്നൊടുക്കുന്ന ഒരു വകഭേദമായിഈ വൈറസ് മാറി എന്നതാണ് ആശങ്ക പരത്തുന്നത്.
മൾട്ടി-ഓർഗൻ പരാജയം ഉൾപ്പെടെ, എബോള രോഗികളിൽ കാണപ്പെടുന്നതിന് സമാനമായ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഈ വൈറസ് സൃഷ്ടിക്കുന്നത്. ഈ വൈറസ് ബാധിച്ച ലബോറട്ടറി എലികളിൽ കാഴ്ചശക്തിക്ക് സാരമായ തകരാർ സംഭവിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. നിയന്ത്രിത സാഹചര്യങ്ങളിൽ എബോള ലക്ഷണങ്ങളെപ്പറ്റി പഠിക്കുന്നതിനായാണ് വൈറസിനെ സൃഷ്ടിച്ചതെങ്കിലും ഇത് പുറത്തായാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ശാസ്ത്രജ്ഞർ ആശങ്കാകുലരാണ്. പ്രത്യേകിച്ചും മരണം വരെ സംഭവിക്കാവുന്നത്ര മാരകാമാണിവ എന്നത് സമ്മാനിക്കുന്ന ആശങ്ക ചില്ലറയല്ല.