തിരുവനന്തപുരം: സീറ്റൊഴിവുണ്ടെങ്കിൽ കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് ഇനി എല്ലാം സ്റ്റോപ്പിലും നിർത്തും, യാത്രക്കാർക്ക് ധൈര്യമായി കൈകാണിക്കാം. ഒഴിഞ്ഞ സീറ്റുകളുമായി ഇനി സൂപ്പർക്ലാസ് ബസുകൾ യാത്രചെയ്യേണ്ടതില്ലെന്നാണ് ജീവനക്കാർക്കുള്ള നിർദേശം. യാത്രക്കാർ നിൽക്കുന്ന സ്ഥലം സ്റ്റോപ്പല്ലെങ്കിലും ഏത് സമയത്തായാലും ബസ് നിർത്തും. സീറ്റൊഴിവുണ്ടെങ്കിലും പ്രധാന സ്റ്റോപ്പുകളിൽ മാത്രമാണ് സൂപ്പർക്ലാസ് ബസുകൾ നിർത്തിയിരുന്നത്.
രാത്രി പത്തു മണി മുതൽ രാവിലെ ആറുവരെ യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ ബസ് നിർത്തിക്കൊടുക്കണമെന്നും കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കർ നിർദേശം നൽകി. സൂപ്പർ ഫാസ്റ്റ് വരെയുള്ള ബസുകൾക്കാണ് നിർദേശം നൽകിയിരിക്കുന്നത്. സ്‌ത്രീകളുടെ സുരക്ഷയും സൗകര്യവും മുൻനിർത്തി രാത്രി എട്ടുമുതൽ രാവിലെ ആറുവരെ മിന്നൽ ഒഴികെയുള്ള ബസുകൾ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലോ സ്‌റ്റോപ്പുകളിലോ നിർത്തണം. യാത്രക്കാരുടെ പരാതികളിൽ ജീവനക്കാർ നിയമാനുസൃതം അടിയന്തര പരിഹാരം കാണണം തുടങ്ങിയ നിർദേശങ്ങളും സിഎംഡി ജീവനക്കാർക്ക് നൽകിയിട്ടുണ്ട്.