അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം മഴമൂലം തടസപ്പെട്ടാൽ ഫലം തീരുമാനിക്കുന്നത് ഡെക്ക് വർത്ത് ലൂയിസ് എന്ന നിയമത്തിലൂടെയാണ്. എന്നാൽ ഈ നിയമം ഉപയോഗിച്ചുള്ള ഫലപ്രഖ്യാപനത്തിനെതിരെ വലിയ വിമർശനവും ആക്ഷേപവും എപ്പോഴും ഉയരാറുണ്ട്. ഇപ്പോഴിതാ ഡെക്ക് വർത്ത് ലൂയിസ് നിയമത്തിന് പകരമായി മറ്റൊരു മഴ നിയമം കണ്ടെത്തിയ ഒരു മലയാളിയുണ്ട് തൃശൂരിൽ.
എഞ്ചിനീയർ വി ജയദേവനാണ് ഡെക്ക് വർത്ത് ലൂയിസിന് പകരം വിജെഡി നിയമം കണ്ടെത്തിയത്. ക്രിക്കറ്റ് ലോകത്തെ കണ്ടെത്തിലിന് ബിസിസിഐ 21 ലക്ഷം രൂപ പാരിതോഷികമായി നൽകുകയും ചെയ്തു. ഏകദിനത്തിലും ടി20യിലും ഉപയോഗിക്കാവുന്ന രീതിയിലാണ് ഈ നിയമത്തിന്റെ നിർമാണം.
ജയദേവൻ 1998ലാണ് ആദ്യമായി ഇത്തരമൊരു ആശയം മുന്നോട്ട് കൊണ്ടുവരുന്നത്. 2007ൽ വിജെഡി സാങ്കേതികത ആഭ്യന്തര ക്രിക്കറ്റിൽ പരീക്ഷിച്ചു. ഈ സാങ്കേതികത ഉപയോഗിക്കാൻ ജയദേവൻ ഒരു ആപ്ലിക്കേഷനും കണ്ടെത്തിയിട്ടുണ്ട്.
ആൻഡ്രോയ്ഡിൽ ലഭ്യമാകുന്ന തരത്തിലാണ് ജയദേവൻ ആപ്ലിക്കേഷൻ തയ്യാറാക്കിയിരിക്കുന്നത്. അധികം വൈകാതെ ഐപിഎല്ലിലും ഈ സാങ്കേതിക വിദ്യ പ്രതീക്ഷിക്കാമെന്നാണ് വിവരം.
ക്രിക്കറ്റ്മത്സരത്തിനിടെ മഴ പോലെയുള്ള പ്രതികൂല സാഹചര്യത്തെ തുടർന്ന് മറുപടി ബാറ്റിങ് തടസ്സപ്പെട്ടാൽ ശേഷിക്കുന്ന ഓവർ, വിക്കറ്റുകൾ, എടുത്ത റൺസ് എന്നിവ വിലയിരുത്തി വിജയിയെ നിശ്ചയിക്കുന്ന രീതിയാണിത്.