ഇടുക്കി: മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് നാളെ യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു. വണ്ണപ്പുറം പഞ്ചായത്തിലാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഹർത്താൽ.(Idukki wild elephant attack; UDF hartal tomorrow)
മുള്ളരിങ്ങാട് അമേൽ തൊട്ടിയിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹി (22) യാണ് മരിച്ചത്. തേക്കിൻ കൂപ്പിൽ പശുവിനെ അഴിക്കാൻ പോയ യുവാവിനെ ആന ആക്രമിക്കുകയായിരുന്നു. ഇയാൾക്കൊപ്പം ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു.
അമറിന്റെ മൃതദേഹം സംസ്കരിക്കുന്നതിന് മുൻപ് കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് യുഡിഎഫ് മോർച്ചറിക്ക് മുൻപിൽ പ്രതിഷേധിച്ചു. ഡീൻ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. വനം വകുപ്പ് മന്ത്രിയെ പുറത്താക്കാനുള്ള ആർജ്ജവം മുഖ്യമന്ത്രി കാണിക്കണമെന്നും ഉദ്യോഗസ്ഥർ പറയുന്നത് മാത്രമാണ് മന്ത്രി മുഖ വിലക്കെടുക്കുന്നത് എന്നും ഡീൻ കുര്യാക്കോസ് എംപി ആരോപിച്ചു.