ആറു വർഷമായി പാലമില്ലാതെ മുളം ചങ്ങാടത്തിൽ പെരിയാറിനു കുറുകെ കടന്ന് ഇടുക്കി പൊരികണ്ണി സ്വദേശികൾ. ഇത്തവണത്തെ ബജറ്റിൽ എങ്കിലും പാലം വരുമെന്ന് 150 ൽ അധികം കുടുംബങ്ങൾ പ്രതീക്ഷിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. 2018-ലെ പ്രളയത്തിലായിരുന്നു ഇവിടെ ഉണ്ടായിരുന്ന നടപ്പാലം ഒലിച്ചുപോയത്.
പ്രളയത്തിൽ സമീപത്തുള്ള നാല് കോൺക്രീറ്റ് പാലങ്ങളും ഒലിച്ചുപോയിരുന്നു. അവിടൊക്കെ താത്കാലിക സംവിധാനം ഒരുക്കിയെങ്കിലും പൊരികണ്ണിയിൽ മാത്രം അതുണ്ടായില്ല. ഇതോടെ താത്കാലികമായി കെട്ടിയുണ്ടാക്കിയ മുളംചങ്ങാടത്തിൽ ജീവൻ പണയംവെച്ചാണ് പ്രദേശവാസികൾ പുഴകടക്കുന്നത്.
പ്രദേശവാസികളുടെ 20 വർഷത്തെ നിരന്തരമായ ആവശ്യത്തിനു ശേഷമാണ് 2000-ൽ ഫ്രാൻസിസ് ജോർജ് എം.പി. അനുവദിച്ച രണ്ടുകോടിരൂപ ഉപയോഗിച്ച് ഉപ്പുതറ- അയ്യപ്പൻകോവിൽ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ആലടിയിൽ നടപ്പാലം പണിതത്. ഈ പാലമാണ് 2018 ലെ പ്രളയത്തിൽ ഒലിച്ചുപോയത്. തുടർന്നാണ് ഭയംകൂടാതെ പെരിയാർ മുറിച്ചുകടക്കാൻ കോൺക്രീറ്റ് പാലം വേണമെന്ന നാട്ടുകാരു ടെ ആവശ്യം ശക്തമായത്.
മുളന്തണ്ടിലും കയറിലും കമ്പിയിൽ ബന്ധിച്ച ചങ്ങാടത്തിലുള്ള നാട്ടുകാരുടെ ദുരിതയാത്ര എം.പി, എം.എൽ.എ. ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ നേരിട്ടുകണ്ടിട്ടുണ്ട്. എന്നാൽ ചങ്ങാടത്തിനുള്ള ഫണ്ട് അനുവദിക്കാൻ ഇവർ തയ്യാറായിട്ടില്ല. ഇതിനിടെ മലവെള്ളപ്പാച്ചിലിൽ പലതവണ ചങ്ങാടം ഒഴുകിപ്പോയി. അപ്പോഴെല്ലാം പ്രദേശവാസികൾ പിരിവെടുത്താണ് പുതിയത് നിർമിക്കുകയോ, അറ്റകുറ്റപ്പണികൾ നടത്തുകയോ ചെയ്യുന്നത്.
വർഷകാലത്ത് ഒഴുക്ക് വർധിച്ചാൽ ചങ്ങാടത്തിൽ പോകാനാവില്ല. ഇതോടെ കിലോമീറ്ററുകൾ ചുറ്റിസഞ്ചരിച്ച് വേണം ഇപ്പോഴും നാട്ടുകാർക്ക് പുറംലോകത്തെത്താൻ. വിദ്യാർഥികൾ സ്‌കൂളിൽ പോകുന്നതും പ്രായമായവർ ചികിത്സാ ആവശ്യത്തിനായി പുറത്തേക്ക് കടക്കുന്നതും ഇതേ ചങ്ങാടത്തിലാണ്.
ഇവരെ കൂടാതെ ലോൺട്രി, പുതുക്കട, ഒൻപതേക്കർ തുടങ്ങിയ പ്രദേശങ്ങളിലുള്ളവരും ഇതുവഴിയാണ് കട്ടപ്പന-കുട്ടിക്കാനം മലയോര ഹൈവേയിലെ ത്തി യാത്രചെയ്യുന്നത്. ആലടി, ഇടപ്പുക്കളം, സുൽത്താനിയ തുടങ്ങിയ എസ്റ്റേറ്റുകളിൽ ജോലിക്കുപോകുന്ന സ്ത്രീ തൊഴിലാളികളും ഇതുവഴിവേണം യാത്രചെയ്യാൻ. എന്നെങ്കിലും നടപ്പാലം പ്രദേശത്തേക്ക് അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.