മുംബൈ: മഹാരാഷ്ട്രയിൽ ഐഎഎസ് ഉദ്യോഗസ്ഥരുടെ മകളായ നിയമ വിദ്യാർഥിനി പത്താം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി. മഹാരാഷ്ട്ര കേഡർ ഉദ്യോഗസ്ഥരായ വികാസ്, രാധിക എന്നിവരുടെ മകളായ ഇരുപത്തിയേഴുകാരി ലിപിയാണ് ആത്മഹത്യ ചെയ്തത്. ഹരിയാനയിലെ സോനിപത്തിലെ ലോ കോളേജ് വിദ്യാർഥിനിയാണ് ലിപി.
പഠനസംബന്ധമായ കാരണത്താലാണ് ലിപി ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് അറിയിച്ചു.മഹാരാഷ്ട്ര ഉന്നത വിദ്യാഭ്യാസ വകുപ്പിലെ പ്രിൻസിപ്പൽ സെക്രട്ടറിയാണ് പിതാവ് വികാസ്. മഹാരാഷ്ട്ര ആഭ്യന്തര വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥയാണ് മാതാവ് രാധിക.
തിങ്കളാഴ്ച പുലർച്ചെ ദക്ഷിണ മുംബൈയിലെ ഒരു ഫ്‌ളാറ്റിന്റെ പത്താം നിലയിൽ നിന്നാണ് ലിപി ചാടിയത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. തന്റെ മരണത്തിന് ആരും കാരണമല്ലെന്ന് സൂചിപ്പിച്ച് കൊണ്ട് ലിപി എഴുതിയ കുറിപ്പും സംഭവസ്ഥലത്ത് നിന്ന് ലഭിച്ചിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്താണ് സംഭവം അന്വേഷിക്കുന്നതെന്നും പൊലീസ് അറിയിച്ചു.