കേരളത്തിലെ ചന്ദനക്കാടായ മറയൂരിൽ നിന്നും ചന്ദനം മോഷ്ടിച്ചതിന് രജിസ്റ്റർ ചെയ്ത 500 കേസുകളിൽ ശിക്ഷിക്കപ്പെട്ടത് 10 എണ്ണം മാത്രം. ശിക്ഷ ലഭിക്കുന്നത് വിരളമായതിനാൽ ചന്ദനമോഷണവും നാൾക്കുനാൾ വർധിക്കുകയാണ്. രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നത് പ്രതികൾക്ക് പലപ്പോഴും ഗുണകരമാകുന്നുണ്ട്. Hundreds of cases of sandalwood theft; but only a handful of people have been convicted
കുറ്റപത്രം സമർപ്പിക്കാത്ത കേസുകളും ഏറെയാണ്. കേസുകളിൽ സാക്ഷികളായ ഉദ്യോഗസ്ഥർ കോടതിയിലെത്തുന്നതിന് കാട്ടുന്ന അലംഭാവമാണ് മറ്റൊരു കാരണം. കൃത്യമായ വിവരങ്ങൾ ധരിപ്പിക്കുന്നതിൽ ഇതോടെ പ്രോസിക്യൂഷൻ പരാജയപ്പെടും.
തമിഴ്‌നാട്ടിൽ നിന്നും കർണാടകയിൽ നിന്നുമുള്ള മോഷ്ടാക്കൾ ജാമ്യം ലഭിച്ചുകഴിഞ്ഞാൽ ഒളിവിൽ പോകുന്നതും ശിക്ഷ ലഭിക്കുന്നതിന് തടസമാകുന്നുണ്ട്. ഇവർക്ക് ജാമ്യം നിന്നവരേപ്പോലും പലപ്പോഴും കണ്ടെത്താൻ കഴിയാറില്ല.
നിയമത്തിലെ പഴുതുകൾ ഉപയോഗിച്ചും പ്രതികൾ രക്ഷപെടുന്നുണ്ട്. പ്രതികളിൽ പലരും റിമാന്റ് കാലാവധി കഴിഞ്ഞ് സ്വര്യവിഹാരം നടത്തുന്നതോടെ ചന്ദനമോഷണവും വർധിക്കുന്നുണ്ട്.