ഗുരുവായൂർ –മധുര ട്രെയിനു മുന്നിലേക്ക് അപ്രതീക്ഷിതമായി കൂറ്റൻ പാറ വീണു. ഗുരുവായൂർ –മധുര ട്രെയിൻ തെന്മല റെയിൽവേ സ്റ്റേഷൻ പിന്നിട്ട് കുറെ ദൂരം മുന്നോട്ട് എത്തിയപ്പോഴാണ് സംഭവം. തെന്മല റെയിൽവേ സ്റ്റേഷനും 13 കണ്ണറപ്പാലത്തിനും മധ്യേയാണ് സംഭവം.( huge rock! in front of Guruvayur – Madhura train unexpectedly)
ട്രാക്കിന്റെ തൊട്ടടുത്തു വരെ എത്തിയ പാറ ദൂരെ നിന്നു കണ്ട് ട്രെയിൻ വേഗം നിർത്തിയതിനാൽ വൻ അപകടം ഒഴിവായി. യാത്രക്കാരും നാട്ടുകാരും ചേർന്ന് പാറ ഉരുട്ടി വശത്തേക്ക് മാറ്റിയ ശേഷം അര മണിക്കൂറിനുള്ളിൽ ഗതാഗതം പുനഃസ്ഥാപിച്ചു.
കൊല്ലം –ചെങ്കോട്ട പാതയിൽ ഏറെ നേരം ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. തെന്മല റെയിൽവേ സ്റ്റേഷൻ നിന്ന് എൻജിനീയർ എത്തിയ ശേഷമായിരുന്നു ട്രെയിൻ പുറപ്പെട്ടത്. കൊല്ലം– ചെന്നൈ –എഗ്‌മൂർ എക്സ്പ്രസ് 25 മിനിറ്റ് മുൻപ് ഇതുവഴി കടന്നു പോയതാണ്.
കഴിഞ്ഞ ഒരു വർഷത്തിനിടെ ഈ പാതയിൽ മൂന്ന് ഭാഗങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. ഉറുകുന്ന് അയിഷാ പാലത്തിന് സമീപം മണ്ണിടിച്ചിൽ ഉണ്ടായപ്പോൾ രാത്രി ട്രെയിൻ തലനാരിഴയ്ക്കാണ് അപകടത്തിൽ പെടാതെ അന്ന് രക്ഷപെട്ടത്.