കണ്ണൂര് സെൻട്രൽ പൊയിലൂരിൽ ആർ എസ് എസ് നേതാവിന്റ വീട്ടിൽ നിന്നും വൻ സ്‌ഫോടക ശേഖരം പിടികൂടി. 770 കിലോഗ്രാം സ്ഫോടകവസ്തുക്കളാണ് കൊളവല്ലൂർ പോലീസ് പിടികൂടിയത്. ആർഎസ്എസ് പ്രാദേശിക നേതാവ് വടക്കേൽ പ്രൊമോദ്, ബന്ധു ശാന്ത എന്നിവരുടെ വീട്ടിൽനിന്നാണ് സ്‌ഫോടക വസ്തുക്കൾ പിടികൂടിയത്. ലൈസൻസില്ലാതെ അനധികൃതമായാണ് ഇവ സൂക്ഷിച്ചിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊളവല്ലൂർ പോലീസ് ഇൻസ്‌പെക്ടർ സുമിത് കുമാർ, സബ് ഇൻസ്‌പെക്ടർ സോബിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് റെയ്‌ഡ് നടത്തിയത്. അനധികൃതമായി വില്പനയ്ക്കായിസൂക്ഷിച്ചിരുന്നതാണ് ഈ സ്‌ഫോടക വസ്തുക്കളെന്നാണ്‌ലഭിക്കുന്ന വിവരം. കൊളവല്ലൂർ പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. ഈ പ്രദേശത്ത് നിരവധി പാറമടകൾ പ്രവർത്തിക്കുന്നുണ്ട്. ഇവർക്ക് വിൽക്കുന്നതിനായി അനധികൃതമായി എത്തിച്ചതാണ് ഇവയെന്ന് സംശയിക്കുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.