ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസുമായി ബന്ധപ്പെട്ട് ചാത്തന്നൂര്‍ സ്വദേശി പത്മകുമാറിനെ കസ്റ്റഡിയിലെടുത്തതോടെ കേസുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ ഒന്നൊന്നായി മറനീക്കി പുറത്തുവരികയാണ്. പത്മകുമാറിന്റെ ഭാര്യയ്ക്കും മകള്‍ക്കും കുറ്റകൃത്യത്തില്‍ പങ്കെന്ന് കണ്ടെത്തിയതായി വിവരമുണ്ട്. തട്ടിക്കൊണ്ട് പോകലിനായി ഒരു വര്‍ഷം നീണ്ട പ്ലാനാണ് പത്മകുമാറിന്റെ കുടുംബം തയാറാക്കിയിരുന്നത്. 10 ലക്ഷം രൂപ ആവശ്യപ്പെടാനായിരുന്നു തീരുമാനം. 10ലക്ഷം രൂപ നല്‍കിയാല്‍ കുട്ടിയെ നല്‍കാമെന്ന് പേപ്പറില്‍ എഴുതി വെച്ചു. തട്ടിക്കൊണ്ട് പോകുന്ന സമയം സഹോദരന്റ കൈയ്യില്‍ ഈ പേപ്പര്‍ നല്‍കാന്‍ കഴിഞ്ഞില്ല. കുടുംബത്തെ കടുത്ത സാമ്പത്തിക പ്രശ്‌നം അലട്ടിയിരുന്നതിനാണ് മോചനദ്രവ്യത്തിനായി ഇവര്‍ ഈ കുറ്റകൃത്യം ചെയ്തതെന്നാണ് വിവരം.
പെണ്‍കുട്ടിയുടെ അച്ഛനും പത്മകുമാറുമായുള്ള സാമ്പത്തിക ഇടപാടുകളെ ചുറ്റിപറ്റിയുള്ള അന്വേഷണം നടക്കുന്നതിനിടെയാണ് ഭാര്യ കവിത, മകള്‍ അനുപമ എന്നിവരുള്‍പ്പെടെ മൂന്ന് പേരെ കേസില്‍ പോലീസ് തെങ്കാശിയില്‍ നിന്ന് പിടികൂടുന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോയി മണിക്കൂറുകള്‍ക്ക് ശേഷം കൊല്ലം ആശ്രാമം മൈതാനത്ത് ഇറക്കിവിട്ടതിന് പിന്നാലെ ആറുവയസുകാരിയില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ അന്വേഷണ സംഘം വിശദമായി പരിശോധിച്ചിരുന്നു. കുട്ടിയെ കാര്‍ട്ടൂണ്‍ കാണിക്കാന്‍ ഉപയോഗിച്ച ലാപ് ടോപിന്‍റെ ഐപി അഡ്രസ് പത്മകുമാറിനെ പിടികൂടുന്നതില്‍ നിര്‍ണായകമായെന്നാണ് വിവരം. തന്നെ തട്ടിക്കൊണ്ടുപോയ സംഘത്തില്‍ പത്മകുമാറുണ്ടായിരുന്നുവെന്ന് കൊല്ലത്തെ ആറുവയസുകാരി സ്ഥിരീകരിച്ചിട്ടുണ്ട്. വീട്ടില്‍ തിരിച്ചെത്തിയ ഉടന്‍ കുട്ടി കഷണ്ടിയുള്ള മാമന്‍ എന്ന് വിശേഷിപ്പിച്ചയാള്‍ പത്മകുമാര്‍ തന്നെയാണന്നെ് ആറുവയസുകാരി സ്ഥിരീകരിച്ചു.
കുട്ടിയുടെ അച്ഛന്‍ റെജിയോട് തനിക്ക് തോന്നിയ വൈരാഗ്യമാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നാണ് പത്മകുമാര്‍ ഇപ്പോള്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. മകളുടെ നഴ്‌സിംഗ് പഠനത്തിന് റെജിക്ക് പണം നല്‍കിയിരുന്നു. തിരികെ ചോദിച്ചപ്പോള്‍ ധാര്‍ഷ്ട്യം കാണിച്ചു. ഇത് തിരികെ പിടിക്കാനുള്ള ശ്രമമായിരുന്നു തട്ടിക്കൊണ്ടുപോകലെന്നും പത്മകുമാര്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍ പത്മകുമാര്‍ പറഞ്ഞത് പൊലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. പത്മകുമാര്‍ പറഞ്ഞ കാര്യങ്ങളുടെ നിജസ്ഥിതി പൊലീസ് അന്വേഷിച്ചുവരികയാണ്.