മോരിന്റെ ഉപയോഗത്തെ കുറിച്ച് നമുക്കറിയുന്നത് കഴിക്കാനും , കറിവെക്കാനുമൊക്കെയാണ് , എന്നാൽ ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താനും മോര് വളരെയധികം നല്ലതാണ്. ചർമ്മത്തിൽ അമിതമായി സൂര്യപ്രകാശം ഏൽക്കുമ്പോൾ ഉണ്ടാകുന്ന കരുവാളിപ്പും അതുപോലെ തന്നെ, കറുത്ത പാടുകളും അകറ്റാൻ മോര് വളരെ നല്ലതാണ്. ഇതിനായി മോര് എങ്ങിനെ ഉപയോഗിക്കണം എന്ന് നോക്കാം.
മോരിന്റെ സൗന്ദര്യ ഗുണങ്ങൾ
മോര് ഒരു പോഷക സമൃദ്ധമായ പാനീയമാണ്. ഇതിൽ പ്രോട്ടീൻ, കാൽസ്യം, പൊട്ടാസ്യം, വിറ്റാമിൻ എ, വിറ്റാമിൻ ബി6, വിറ്റാമിൻ സി എന്നിവ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ ചർമ്മത്തെ പോഷിപ്പിക്കുകയും, ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ, മോര് ഒരു നല്ല ഹൈഡ്രേറ്ററാണ്. ഇത് ചർമ്മത്തിലെ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു. ചർമ്മം വരണ്ടതായി തോന്നുന്നുണ്ടെങ്കിൽ, മോര് മുഖത്ത് തേച്ചുപിടിപ്പിക്കുന്നത് നല്ലതാണ്.
മോരിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ ചർമ്മത്തിലെ പ്രായമാകുമ്പോൾ ഉണ്ടാകുന്ന ചുളിവുകളും കറകളും കുറയ്ക്കാൻ സഹായിക്കുന്നു. അതുപോലെ തന്നെ ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയൽ, ആന്റി ഫംഗൽ ഗുണങ്ങൾ ചർമ്മത്തിലെ അണുബാധകൾ തടയാൻ സഹായിക്കുന്നു. കൂടാതെ, ചർമ്മത്തെ സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷിക്കാനുള്ള ശേഷിയും ഇതിനുണ്ട്.
കരുവാളിപ്പകറ്റാൻ
ചർമ്മത്തിലെ കരുവാളിപ്പകറ്റാൻ മോര് പലവിധത്തിൽ നമ്മൾക്ക് ഉപയോഗിക്കാവുന്നതാണ്. ഒരു ടേബിൾസ്പൂൺ മോരിലേക്ക് ഒരു ടീസ്പൂൺ തേൻ ചേർത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക. ഇത്തരത്തിൽ പുറത്ത് പോയി വരുമ്പോൾ ചെയ്യുന്നതെല്ലാം മുഖത്ത് നിന്നും കരുവാളിപ്പ് അകറ്റാൻ സഹായിക്കും.
അതുപോലെ തന്നെ മോരിലേക്ക് ഒരു ടീസ്പൂൺ ഒലിവ് ഓയിൽ ചേർത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം മുഖത്ത് തേച്ച് നന്നായി മസാജ് ചെയ്യുക. 15 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക. അല്ലെങ്കിൽ കുളിക്കുന്നതിന് മുമ്പ് മോരിലേക്ക് ഒരു ടീസ്പൂൺ തേൻ ചേർത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം ശരീരത്തിൽ പുരട്ടി 5 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുന്നതും ചർമ്മത്തിൽ നിന്നും കരുവാളിപ്പ് അകറ്റാനും അതുപോലെ തന്നെ ചർമ്മം കരുവാളിക്കാതെ മോയ്‌സ്ച്വർ ചെയ്ത് നിലനിർത്താനും ഇത് സഹായിക്കുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മോര് ചർമ്മത്തിൽ ഉപയോഗിച്ചാൽ നിരവധി ഗുണങ്ങൾ ഉള്ളത് പോലെ ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. പ്രത്യേകിച്ച് വരണ്ട ചർമ്മമാണ് നിങ്ങൾക്ക് ഉള്ളതെങ്കിൽ മോര് അമിതമായി ഉപയോഗിക്കുന്നത് സത്യത്തിൽ ചർമ്മത്തിന്റെ ആരോഗ്യത്തിന് അത്ര നല്ലതല്ല. ഇത് ചർമ്മം കൂടുതൽ വരണ്ടതാകുന്നതിന് കാരണമാകുന്നു. ചർമ്മം വരണ്ട് പോകുമ്പോൾ അത് ചർമ്മത്തിൽ അമിതമായി കുരുക്കൾ വരുന്നതിന് കാരണമാകുന്നുണ്ട്. അതുപോലെ തന്നെ, ചർമ്മത്തിൽ ചൊറിച്ചിൽ എന്നിങ്ങനെയുള്ള അലർജിയും വരാം. അതിനാൽ, മോര് മുഖത്തിൽ ഉപയോഗിക്കുമ്പോൾ ദിവസത്തിൽ ഒരു നേരം മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് പുറത്ത് പോയി വരുമ്പോൾ ഉപയോഗിക്കുന്നതായിരിക്കും കൂടുതൽ നല്ലത്.
Read Also : ഒരു ഗ്ലാസ് തുളസി വെള്ളം; ഒത്തിരി ഗുണങ്ങൾ