അപ്പു. വി.എസ്.
ഇറാൻ പിന്തുണയുള്ള യമനിലെ ഹൂത്തി വിമതരുടെ ചരക്ക് കപ്പലുകൾ ലക്ഷ്യമിട്ടുള്ള ആക്രമണം ചെങ്കടൽ പിന്നിട്ട് അറബിക്കടലിലേയ്ക്കും , ഇന്ത്യൻ മഹാസമുദ്രത്തിലേയ്ക്കും കടക്കുമ്പോൾ ഷിപ്പിങ്ങ് മേഖലയിൽ ലോകം നേരിടാനിരിയ്ക്കുന്നത് വലിയ പ്രതിസന്ധി. ചെങ്കടലിന് 2000 കിലോമീറ്റർ അകലെ ഇസ്രായേൽ കപ്പലുകൾ ആക്രമിയ്ക്കപ്പെട്ടതാണ് ഒടുവിലത്തെ സംഭവം. ചെങ്കടൽ ഒഴിവാക്കി കപ്പലുകൾ ആഫ്രിക്കയിലെ ഗുഡ്‌ഹോപ്പ് മുനമ്പ് വഴി സഞ്ചരിയ്ക്കാൻ തുടങ്ങിയതോടെ കണ്ടെയ്‌നർ നിരക്ക് നിലവിൽ 25-30 ശതമാനം ഉയർന്നിട്ടുണ്ട്. ചരക്ക് നീക്കത്തിന് 9-15 ദിവസം വരെ അധികമായി വേണ്ടിവരുന്നതും വെല്ലുവിളിയാകുന്നുണ്ട്. ഇസ്രായേൽ ഗസ്സയ്ക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഹൂത്തികൾ ചരക്കു കപ്പലുകൾ ആക്രമിച്ചു തുടങ്ങിയത്. റഷ്യൻ കപ്പലുകളെ മാത്രമാണ് ഇവർ ആക്രമണ പരിധിയിൽ നിന്ന് ഒഴിവാക്കുന്നത്.
കണ്ടെയ്‌നർ ക്ഷാമത്തിന് സാധ്യത
നിലവിൽ കണ്ടെയ്‌നർ ക്ഷാമം നേരിടുന്നില്ലെങ്കിലും ചരക്ക്‌നീക്കത്തിന് അധികസമയമെടുക്കുന്നത് തുടർന്നാൽ കണ്ടെയ്‌നർ ക്ഷാമം രൂക്ഷമാകും. കണ്ടെയ്‌നറുകളുടെ ലഭ്യത കൂറയുന്നത് ഷിപ്പിങ്ങ് മേഖലയെ കൂടുതൽ പ്രതിസന്ധിയിലേയ്ക്ക് തള്ളിവിടും.
പ്രതിസന്ധി കൂടുതൽ ബാധിയ്ക്കുക യൂറോപ്പിനെ
യുക്രൈൻ – റഷ്യ യുദ്ധത്തെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ യൂറോപ്പിലുണ്ടായ അവശ്യ വസ്തുക്കളുടെയും എണ്ണവിലയുടെയും വർധന കുടിയേറ്റക്കാർക്ക് ഉൾപ്പെടെ തിരിച്ചടിയായിരുന്നു. ചെങ്കടലിലുണ്ടായ ഹൂത്തി ആക്രമണത്തെ തുടർന്ന് ക്രൂഡ് ഓയിലിന്റെ വിലയിൽ നിലവിൽ നേരിയ വർധനവുണ്ടായിട്ടുണ്ട്. ആക്രമണം ചെങ്കടലിന് പുറത്തേയ്ക്ക് നീളുകയും ഏറെ നാൾ തുടരുകയും ചെയ്താൽ എണ്ണവില കുതിച്ചുകയറും. ഇത് അവശ്യസാധനങ്ങൾക്ക് വില വർധിയ്ക്കാൻ കാരണമാകും. ഇതോടെ നിലവിൽ മാന്ദ്യംബാധിച്ച യൂറോപ്പ് കൂടുതൽ പ്രതിസന്ധിയിലാകും. ഇന്ത്യയിലേയ്ക്ക് ക്രൂഡ് ഓയിലുമായെത്തുന്ന റഷ്യൻ കപ്പലുകൾ ഹൂത്തികൾ ആക്രമിയ്ക്കാത്തതിനാൽ ഇന്ത്യയിൽ എണ്ണവില വലിയതോതിൽ ഉയരാൻ സാധ്യതയില്ല.
Also read: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; അധിക വിഭവ സമാഹരണത്തിനൊരുങ്ങി ധനവകുപ്പ്