തിരുവനന്തപുരം: വർക്കലയിൽ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. വർക്കല കരുനിലക്കോട് സ്വദേശി സുനിൽദത്ത്(57 ) ആണ് വെട്ടേറ്റ് മരിച്ചത്. ഇയാളുടെ സഹോദരി ഉഷാ കുമാരിക്കും വെട്ടേറ്റു. ഉഷാകുമാരിയുടെ ഭർത്താവായ ഷാനിയും സുഹൃത്ത് മനുവും, മറ്റൊരു യുവാവും ചേർന്നാണ് ആക്രമണം നടത്തിയിരിക്കുന്നത്.
ആക്രമണത്തിൽ തലയ്ക്ക് പരിക്കേറ്റ ഉഷാകുമാരിയെ ചികിത്സയ്ക്കായി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊല്ലപ്പെട്ട സുനിൽദത്തിന്റെ കാലിനും, തലയ്ക്കുമാണ് വെട്ടേറ്റത്. ഉഷാകുമാരിയും ഷാനിയും അകന്ന് കഴിയുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്നാണ് പ്രാഥമിക നിഗമനം.
തേയില തോട്ടത്തിൽ വന്യമൃഗം ഭക്ഷിച്ച നിലയിൽ യുവതിയുടെ മൃതദേഹം
ഊട്ടി: ഊട്ടിയിൽ വന്യമൃഗം ഭക്ഷിച്ച നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. പൊമ്മാൻ സ്വദേശി ഗോപാലിന്റെ ഭാര്യ അഞ്ജല(52) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൈനല അരക്കാട് ഭാഗത്തുള്ള തേയില തോട്ടത്തിൽ ജോലിക്ക് പോയ അഞ്ജലയെ ഇന്നലെ രാത്രി മുതൽ കാണാതാവുകയായിരുന്നു.
തേയില തോട്ടത്തിന് സമീപം കുറ്റിക്കാട്ടിൽ നിന്നാണ് യുവതിയുടെ ശരീരഭാഗങ്ങൾ കണ്ടെത്തിയത്. ഇന്ന് രാവിലെ തോട്ടത്തിൽ പണിക്കെത്തിയ തൊഴിലാളികൾ സമീപത്തെ കുറ്റിക്കാട്ടിൽ അനക്കം കണ്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
തോട്ടത്തിൽ നിന്നും 20 മീറ്ററോളം ദൂരം ഇവരെ വലിച്ചിഴച്ചതിന്റെ അടയാളങ്ങളും ഉണ്ട്. പക്ഷെ യുവതിയെ ആക്രമിച്ചത് കടുവയാണോ പുലിയാണോ എന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഈ പ്രദേശത്ത് വന്യമൃഗത്തെ കണ്ടെത്തുന്നതിനായി 10 ക്യാമറകളും, കൂടുകളും സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ് വനം വകുപ്പ് . ഞായറാഴ്ചവരെ ഈ ഭാഗത്തെ തേയില തോട്ടങ്ങളിൽ തൊഴിലാളികൾ വരാൻ പാടില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.