കാട്ടുപന്നിയെ കണ്ട് ഭയന്നോടി കിണറ്റിൽ വീണ വീട്ടമ്മ കിണറ്റിൽ കഴിഞ്ഞത് 20 മണിക്കൂറോളം. ഇന്ന് ഉച്ചയോടെ കണ്ടെത്തുമ്പോൾ ഒരു ദിവസം മുഴുവൻ മരണത്തെ മുഖാമുഖം കണ്ടെങ്കിലും ഒടുവിൽ രക്ഷപ്പെട്ട ആശ്വാസമായിരുന്നു അടൂർ വയലാ പരുത്തിപ്പാറ തുവയൂർ സ്വദേശി എലിസബത്തിന്. ഇന്നലെ വൈകിട്ടാണ് സംഭവം നടക്കുന്നത്. വൈകിട്ട് നാലുമണിയോടെ പറമ്പിലേക്ക് ഇറങ്ങിയ എലിസബത്തിന് അടുത്തേക്ക് കാട്ടുപന്നി ചീറി അടുക്കുകയായിരുന്നു. രക്ഷപ്പെടാനായി തിരിഞ്ഞോടിയ എലിസബത്ത് ഓട്ടത്തിനിടെ മറയില്ലാത്ത കിണറ്റിൽ വീണു. പലകെ കൊണ്ടും മൂടി ഇട്ടിരുന്ന കിണറിന് മീതെ ചവിട്ടിയപ്പോൾ പലക ഒടിഞ്ഞ ഇവർ കിണറ്റിൽ വീഴുകയായിരുന്നു.
കഴുത്തൊപ്പം വെള്ളം ഉണ്ടായിരുന്ന കിണറിൽ വീണങ്കിലും കാര്യമായ പരിക്കു ഒന്നും പറ്റാതിരുന്നതിനാൽ എലിസബത്തിന് വെള്ളത്തിൽ എഴുന്നേറ്റ് നിൽക്കാനായി. ഇതിനിടെ എലിസബത്തിനെ കാണാതായതോടെ കുടുംബാംഗങ്ങളും ബന്ധുക്കളും നാട്ടുകാരും അന്വേഷണം ആരംഭിച്ചു. പോലീസിൽ വിവരവും അറിയിച്ചു. പോലീസ് പറഞ്ഞതനുസരിച്ച് സമീപത്തെ കിണറുകളിൽ പരിശോധന നടത്തുന്നതിനിടെയാണ് കിണറ്റിലെ വെള്ളത്തിൽ നിൽക്കുന്ന നിലയിൽ എലിസബത്തിനെ കണ്ടെത്തിയത്.
അഗ്നിശമനസേന എത്തി എലിസബത്തിനെ പുറത്ത് എത്തിച്ചപ്പോൾ ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിൽ ആയിരുന്നു അവർ. ഒരു രാത്രിയും പകൽ ഉച്ചവരെയും വെള്ളത്തിൽ തന്നെ കഴിച്ചുകൂട്ടിയെങ്കിലും കാര്യമായ ആരോഗ്യപ്രശ്നങ്ങൾ എലിസബത്തിനില്ല.