ദിവസം ഒരു വട്ടമെങ്കിലും തുമ്മൽ വരാത്തവർ ഉണ്ടാകുമോ. രോഗങ്ങൾ വിടാതെ പിന്തുടരുന്ന കാലത്ത് തുമ്മലും ചുമയുമൊക്കെ കൂടപ്പിറപ്പുകളായി മാറിയിരിക്കുകയാണ്. എന്നാൽ പൊതുസ്ഥലങ്ങളിലോ ആളുകളോട് സംസാരിക്കുമ്പോ തുമ്മൽ വന്നാൽ നമ്മൾ എന്ത് ചെയ്യും. പലരും വലിയ ശബ്ദം പുറത്തു വരുമെന്ന് ഭയന്ന് ചുമയും തുമ്മലും പിടിച്ചു വെക്കാറാണ് പതിവ്. മര്യാദയുടെ ഭാഗമായി ചെയ്യുന്നതാണെങ്കിലും ഈ പിടിച്ചു വെക്കൽ ആരോഗ്യത്തിനു ദോഷം ചെയ്യും.
മൂക്കിലോ വായിലോ അസ്വസ്ഥതപ്പെടുത്തുന്ന തരത്തിലുള്ള എന്തെങ്കിലും സൂക്ഷ്മമായ പദാര്‍ത്ഥങ്ങള്‍ (പൊടിയോ, രോഗാണുക്കളോ എന്തുമാകാം) കയറിപ്പറ്റുന്നതിന് പിന്നാലെ ഇവയെ പുറത്താക്കാൻ ശരീരം തന്നെ കണ്ടെത്തുന്ന മാര്‍ഗമാണ് തുമ്മല്‍. ചിന്തിക്കുന്നതിനുമപ്പുറം വേഗതയിലാണ് തുമ്മല്‍ ഉണ്ടാകുന്നത്. അതിവേഗതയില്‍ പുറന്തള്ളേണ്ട പദാര്‍ത്ഥങ്ങളെ ശരീരം പുറന്തള്ളുകയാണ് ഇതിലൂടെ ചെയ്യുക. അങ്ങനെയുള്ള തുമ്മൽ പിടിച്ചുവയ്ക്കുമ്പോള്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്ങ്ങൾ വലുതാണ്. വേഗതയില്‍ വരുന്ന തുമ്മല്‍ പിടിച്ചുവയ്ക്കുമ്പോള്‍ അത് തൊണ്ടയിലോ ചെവിയിലോ കണ്ണിലോ നെഞ്ചിലോ എല്ലാം പരുക്ക് വരുത്താൻ കാരണമായേക്കും. അതായത് തൊണ്ടയില്‍ ചെറി കീറല്‍ വീഴുക, ചെവിക്കകത്തെ മര്‍ദ്ദം മാറി ചെവിക്കല്ലിന് പരിക്ക് പറ്റുക, വാരിയെല്ലിന് പരിക്കേല്‍ക്കുക, കണ്ണിലെ രക്തക്കുഴലുകള്‍ക്ക് തകരാര്‍ സംഭവിക്കുക എന്നിങ്ങനെ പല അപകടസാധ്യതകളുണ്ട്.
ചെവിക്കല്ലിന് കേട് പറ്റുന്നതിന് പുറമെ ചെവിയില്‍ അണുബാധയ്ക്കും സാധ്യതയുണ്ട്. തുമ്മലിലൂടെ പുറത്തുപോകേണ്ട രോഗാണുക്കള്‍ ചെവിക്കകത്തേക്ക് കൂടി എത്തും. അതുപോലെ തുമ്മല്‍ പിടിച്ചുവച്ചതിന് പിന്നാലെ ഇരട്ടി ശക്തിയില്‍ തുമ്മല്‍ പുറത്തേക്ക് വരുന്നത് വാരിയെല്ലില്‍ പൊട്ടല്‍ വരെയുണ്ടാക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിനാൽ തുമ്മല്‍ ഒരിക്കലും പിടിച്ചുവയ്ക്കരുത്.