കൊച്ചി: ശബരിമല തീർത്ഥാടകർക്ക് എരുമേലിയിൽ കുറി തൊടുന്നതിന് പണം പിരിക്കുന്നതിന് ദേവസ്വം ബോർഡിനെ വിമർശിച്ച് ഹൈക്കോടതി. ക്ഷേത്രത്തിനകത്താണോ കുറി തൊടാൻ പണം വാങ്ങുന്നതെന്ന് കോടതി ചോദിച്ചു. ഭക്തരെ ചൂഷണം ചെയ്യാൻ സമ്മതിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.(Highcourt criticizes devaswom board for collecting money from devotees in erumeli)
കുറി തൊടുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് പുതിയ തീരുമാനമെടുത്തതിനെ വിമർശിക്കുകയായിരുന്നു ഹൈക്കോടതി. എന്നാൽ ആരും ഭക്തരെ ചൂഷണം ചെയ്യാതിരിക്കാനാണ് കരാർ നൽകിയതെന്നും നിർബന്ധിച്ച് ചെയ്യിപ്പിക്കില്ലെന്നും ദേവസ്വം ബോർഡ് അറിയിച്ചു. തീർത്ഥാടനകാലത്ത് എരുമേലിയിലെത്തുന്ന അയ്യപ്പഭക്തർക്ക് പേട്ടതുള്ളിയശേഷം കുളികഴിഞ്ഞാൽ കുറി തൊടുന്നതിനും പണം നൽകണമെന്നായിരുന്നു ദേവസ്വം ബോർഡ് അടുത്തിടെ അറിയിച്ചത്. ഇതോടെ പുതിയ കരാർ നൽകുകയും ചെയ്തു.
ചന്ദനക്കുറി തൊടാനെത്തുന്ന ഭക്തരിൽ നിന്ന് പത്ത് രൂപ വീതം വാങ്ങാമെന്നായിരുന്നു ദേവസ്വം ബോർഡിന്റെ തീരുമാനം. ഇതാണ് ഇക്കുറി ലേലത്തിൽ ഉൾപ്പെടുത്തി ദേവസ്വംബോർഡ് കരാർ നൽകിയത്. ഇതോടെ അയ്യപ്പസേവാസമാജം ഉൾപ്പെടെയുള്ള ഹൈന്ദവസംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് ദേവസ്വം ബോർഡിനെ വിമർശിച്ച് ഹൈക്കോടതിയും രംഗത്തെത്തിയത്.