മഴയൊന്ന് പൊടിഞ്ഞെങ്കിലും ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നു. പാലക്കാടിനും തൃശ്ശൂരിനും പുറമേ, ആലപ്പുഴയിലും കോഴിക്കോടുമാണ് ഉഷ്ണതരംഗ മുന്നറിയിപ്പുള്ളത്. പാലക്കാട് ഓറഞ്ച് അലർട്ടും തൃശ്ശൂർ, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണയേക്കാൾ മൂന്ന് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിലും താപനില മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്.
പാലക്കാട് ഇന്നലെ ഉയർന്ന താപനില സാധാരണയെക്കാൾ 4.4 ഡിഗ്രി സെൽഷ്യസിനു മുകളിലാണ് രേഖപ്പെടുത്തിയത്. തിരുവനന്തപുരം ആലപ്പുഴ, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 3 മുതൽ 3.5 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരുന്നു. പാലക്കാട് ഉയർന്ന താപനില 41°C വരെയും, തൃശൂരിൽ 40°C വരെയും, കൊല്ലം, കോഴിക്കോട് ജില്ലകളിൽ 39°C വരെയും, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ 38°C വരെയും, തിരുവനന്തപുരം, എറണാകുളം, കാസർഗോഡ്, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും വർധിക്കാൻ സാധ്യതയുണ്ട്. സാധാരണയെക്കാൾ 3 മുതൽ 5°C വരെ ചൂട് കൂടാനാണ് സാധ്യത.
അതേസമയം സംസ്ഥാനത്ത് ഇന്ന് വേനൽ മഴ തുടരാനും സാധ്യതയുണ്ട്. തിരുവനന്തപുരം മുതൽ വയനാട് വരെയുള്ള 12 ജില്ലകളിലാണ് മഴ സാധ്യത.
Read More: വെട്ടേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ നില ഗുരുതരം; ആലുവ ഗുണ്ടാആക്രമത്തിലെ നാലുപേർ കസ്റ്റഡിയിൽ