കൊച്ചി: മാലിന്യം തള്ളിയതിന് പിടിച്ചെടുക്കുന്ന വാഹനങ്ങൾ കണ്ടുകെട്ടണമെന്ന് ഹൈക്കോടതി.
ഇത്തരത്തിൽ പിടിച്ചെടുക്കുന്ന വാഹനങ്ങൾ വിട്ടുകൊടുക്കാൻ ഹൈകോടതിയുടെ അനുമതി വേണമെന്നും രണ്ടുലക്ഷം രൂപ ബാങ്ക് ഗാരന്‍റി കെട്ടണമെന്നുമുള്ള മുൻ ഉത്തരവുകൾക്ക് വിരുദ്ധമായ നടപടികളുണ്ടായ സാഹചര്യത്തിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ നിർദേശം.
കണ്ടുകെട്ടലുമായി ബന്ധപ്പെട്ട അറിയിപ്പ് എല്ലാ സബ് ഡിവിഷനൽ മജിസ്ട്രേറ്റുമാർക്കും നൽകാനും കോടതിയിൽ ഓൺലൈനായി ഹാജരായ തദ്ദേശ സ്പെഷൽ സെക്രട്ടറി ടി.വി. അനുപമയോട് നിർദേശിച്ചു. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ഹർജികളിലാണ് ഡിവിഷൻ ബെഞ്ചിന്‍റെ നിർദേശം.
സംസ്ഥാനത്ത് 91 കക്കൂസ് മാലിന്യ സംസ്കരണ പ്ലാന്റുകളാണ് ലക്ഷ്യമിടുന്നതെന്ന് സ്പെഷൽ സെക്രട്ടറി അറിയിച്ചു. സ്ഥലം ലഭിക്കാനുള്ള ബുദ്ധിമുട്ടും സാമ്പത്തിക പ്രതിസന്ധിയുമാണ് പ്രശ്നം. നാലിടത്ത് പ്ലാന്‍റ് തുടങ്ങി.
40 ഇടങ്ങളിൽ സ്ഥലം കണ്ടെത്തി. മറ്റ് 47 പ്ലാന്റുകൾക്ക് സ്ഥലം കണ്ടെത്താൻ ഏറെ പ്രയാസം നേരിടുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വിശദമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. വിഷയങ്ങൾ ഡിസംബർ ആറിന് വീണ്ടും പരിഗണിക്കും.
ശബരിമലയിൽനിന്ന് പമ്പയിലേക്കുള്ള നീർച്ചാലായ ഞുണങ്ങാർ കക്കൂസ് മാലിന്യമടക്കം നിറഞ്ഞ അവസ്ഥയിലാണെന്ന് കോടതി പറഞ്ഞു. തീർഥാടനകാലത്തെ മാലിന്യങ്ങൾ പമ്പയിലൂടെ ശുദ്ധജലാശയങ്ങളിൽ എത്താതിരിക്കാൻ നടപടി വേണം.
ശബരിമലയിലെ മാലിന്യ സംസ്കരണത്തിന് സമഗ്ര പദ്ധതി തയാറാക്കുന്നതായി സ്പെഷൽ സെക്രട്ടറി അറിയിച്ചു. മൊബൈൽ ട്രീറ്റ്മെന്‍റ് പ്ലാന്‍റടക്കം പ്ലാൻ ചെയ്യുന്നുണ്ട്.
പൂർത്തിയാകാൻ രണ്ടുവർഷമെടുക്കുമെങ്കിലും താൽക്കാലിക നടപടികളിലൂടെ അതുവരെ പ്രശ്നപരിഹാരമുണ്ടാക്കുമെന്നും സ്പെഷൽ സെക്രട്ടറി അറിയിച്ചു.