ഡൽഹി: ഷാരോൺ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് തിരിച്ചടി. കേസിന്റെ വിചാരണ നെയ്യാറ്റിൻകരയിൽ നിന്ന് നാഗർകോവിലിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ദിപാങ്കര്‍ ദത്തയാണ് ഹര്‍ജി തള്ളിയത്. കുറ്റകൃത്യം നടന്നത് തമിഴ്നാട്ടിലായതിനാൽ വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണം എന്നായിരുന്നു ഗ്രീഷ്മയുടെ വാദം. ഗ്രീഷ്‌മയോടൊപ്പം മറ്റു പ്രതികളായ അമ്മയും അമ്മാവനും ഹർജികൾ നൽകിയെങ്കിലും ഫലമുണ്ടായില്ല.
കേസിലെ നടപടികൾ കേരളത്തിൽ നടക്കുന്നത് പ്രതികൾക്ക് ലഭിക്കേണ്ട നീതി ഉറപ്പാക്കാൻ തടസമാകും, കന്യാകുമാരിയിൽ നിന്ന് വിചാരണ നടപടികൾക്കായി കേരളത്തിലേക്ക് എത്തുന്നതിന് പ്രയോഗിക ബുദ്ധിമുട്ടുണ്ട് എന്നിവ ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരുന്നത്. കേരളത്തിൽ നടക്കുന്ന വിചാരണ നാഗര്‍കോവില്‍ കന്യാകുമാരിലെ ജെഎംഎഫ് സി കോടതിയിലേക്ക് മാറ്റണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. കേസിന്റെ വിചാരണ കേരളത്തില്‍ നടത്തുന്നതിനുള്ള എതിര്‍പ്പ് വിചാരണ കോടതിയില്‍ വാദിക്കാമെന്ന് ഗ്രീഷ്മ ഉള്‍പ്പടെയുള്ള പ്രതികള്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് ഹൈക്കോടതി തീര്‍പ്പാക്കിയ കേസില്‍ അപ്പീല്‍ നല്‍കാന്‍ സാധിക്കാത്തതിനാലാണ് ട്രാന്‍സ്ഫര്‍ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചതെന്ന് ജസ്റ്റിസ് ദിപാങ്കര്‍ ദത്ത ചൂണ്ടിക്കാട്ടി.
ക്രിമിനല്‍ നടപടി ചട്ടത്തിലെ 177-ാം വകുപ്പ് പ്രകാരം, കുറ്റകൃത്യം നടന്ന സ്ഥലത്തിന്റെ പരിധിയിലുള്ള കോടതിയാണ് കേസ് പരിഗണിക്കേണ്ടതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഷാരോണ്‍ മരിച്ചത് തിരുവനന്തപുരത്തെ മെഡിക്കല്‍ കോളേജില്‍ ആയതുകൊണ്ട് മാത്രം കേസ് തിരുവനന്തപുരം കോടതിക്ക് പരിഗണിക്കാനാകില്ലെന്നും പ്രതിയുടെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ വിചാരണ കോടതിയിലാണ് പറയേണ്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രാന്‍സ്ഫര്‍ ഹര്‍ജി തള്ളിയത്.
അതിനിടെ ഷാരോണിന്റെ കുടുംബത്തിനെതിരെ ഓൾ കേരള മെൻസ് അസോസിയേഷൻ രംഗത്ത് വന്നിരുന്നു. പലരോടും കേസിന് സഹായം എന്ന പേരിൽ പണം തട്ടിയെടുക്കാനാണ് ഷാരോണിന്റെ കുടുംബം ശ്രമിക്കുന്നതെന്ന് ശ്രമമെന്നും ഓൾ കേരള മെൻസ് അസോസിയേഷൻ ആരോപിച്ചു. ‘ഷാരോണിന്റെ കുടുംബം പണപ്പിരിവാണ് നടത്തുന്നത്. ഷാരോൺ മരിച്ചപ്പോൾ സംഘടന വീട്ടിൽ പോയി പൂർണ പിന്തുണ അറിയിച്ചതാണ്. പെൺകുട്ടിയ്ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് പറഞ്ഞു. അന്നു കുടുംബം പറഞ്ഞത് സർക്കാരിൽ വിശ്വാസമുണ്ടെന്നാണ്. അതുകൊണ്ട് അന്ന് സംഘടന അതുമായി മുന്നോട്ട് പോയില്ല. എന്നാൽ ഗ്രീഷ്മയ്ക്ക് ജാമ്യം കിട്ടിയപ്പോൾ ഷാരോണിന്റെ സഹോദരൻ എന്നെ ബന്ധപ്പെട്ടു. കേസുമായി മുന്നോട്ട് പോകാൻ സഹായിക്കണമെന്ന് പറഞ്ഞു. എന്നാൽ അദ്ദേഹത്തിന് വേണ്ടത് കേസിന് സപ്പോർട്ട് അല്ല. പണമാണ്. പണം വേണം എന്നാണ് അവർ പറയുന്നതെന്ന് സംഘടന പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാർ ആരോപിച്ചു. അൽപ്പമെങ്കിലും ഷാരോണിനോട് മനസാക്ഷിയുണ്ടായിരുന്നെങ്കിൽ ഷാരോണിന്റെ അച്ഛൻ സെക്രട്ടറിയേറ്റിന് മുന്നിൽ സംഘടന നടത്തിയ സമരത്തിനെത്തുമായിരുന്നു എന്നും അവർ പറഞ്ഞു.
കാമുകനെ കഷായത്തിൽ വിഷം കൊടുത്തു കൊന്ന ഗ്രീഷ്മ 11 മാസങ്ങൾക്ക് ശേഷം കഴിഞ്ഞമാസമാണ് ജാമ്യം ലഭിച്ചതിനെ തുടർന്ന് ജയിൽ മോചിതയായത്. ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി കൊടുക്കുകയായിരുന്നു. തുടർന്ന് ദിവസങ്ങളോളം ആശുപത്രിയിൽ കിടന്ന ശേഷമാണ് ഷാരോൺ മരണത്തിനു കീഴടങ്ങിയത്.