ഏതു തരത്തിലുള്ള കൊടിയുപയോഗിച്ചുമുള്ള കരിങ്കൊടി പ്രതിഷേധം അപകീർത്തികരമോ അപമാനിക്കലോ അല്ലെന്ന് ഹൈക്കോടതി.High Court quashes case of Congress workers showing black flags to CM.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ പറവൂരിൽ കരിങ്കൊടി വീശി നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിനെ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിൽ ഹൈക്കോടതി ഈ അഭിപ്രായം രേഖപ്പെടുത്തി.
എന്തെങ്കിലും നിറത്തിലുള്ള കൊടിയും ഉപയോഗിച്ച് നടത്തിയ പ്രതിഷേധം നിയമവിരുദ്ധമല്ല. പ്രതിഷേധം ഉണ്ടാകുമ്പോൾ ചെറിയ ബലപ്രയോഗം ഉണ്ടാകും. അത് സാധാരണം മാത്രമാണ്.
അതിനാൽ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്ന ആരോപണം നിലനിൽക്കില്ല. ഇത്തരം ചെറിയ കാര്യങ്ങളിൽ നിയമനടപടികൾ ഒഴിവാക്കണമെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഓർമിപ്പിച്ചു.
2017 ഏപ്രിൽ 9-നാണ് കേസിന്റെ അടിസ്ഥാനമായ സംഭവം. പറവൂരിൽ, മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച് നടത്തിയ പ്രതിഷേധത്തിൽ പൊലീസ് കേസെടുത്തിരുന്നു.
കരിങ്കൊടി കാട്ടിയെന്ന കേസിനൊപ്പം, ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്ന കുറ്റവും ഇവർക്കെതിരെ ചുമത്തിയിരുന്നു. ഇതിനെതിരെ പ്രവർത്തകർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.