കൊച്ചി: പാറശ്ശാല ഷാരോൺ വധക്കേസിൽ അറസ്റ്റിലായ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം. കർശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസിലെ മറ്റു പ്രതികളായ ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനും കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ഷാരോൺ വധക്കേസിൽ കഴിഞ്ഞ ഒക്ടോബർ 31 നാണ് ഗ്രീഷ്മയെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വർഷം ഒക്ടോബർ 14നാണ് ആൺസുഹൃത്തായ ഷാരോണിനെ ഗ്രീഷ്മ കൊലപ്പെടുത്തിയത്. സ്വന്തം വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം കഷായത്തിൽ വിഷം കലർത്തി നൽകുകയായിരുന്നു. തുടർന്ന് ശാരീരിക അസ്വാസ്ഥ്യം നേരിട്ട ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറച്ചു ദിവസം ഗുരുതരാവസ്ഥയിൽ കഴിഞ്ഞ ശേഷം ഒക്ടോബർ 25ന് ആണ് ഷാരോൺ മരണപ്പെട്ടത്. ആദ്യം പാറശ്ശാല പൊലീസ് സാധാരണ മരണം റിപ്പോർട്ട് ചെയ്‌തെങ്കിലും പിന്നീട് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിൽ കൊലപാതകമെന്ന് തെളിയുകയായിരുന്നു. കേസിൽ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമ്മല കുമാരൻ എന്നിവരും കേസിൽ പ്രതിയാണ്. മറ്റൊരാളെ വിവാഹം കഴിക്കുന്നതിന് വേണ്ടി കാമുകനായ ഷാരോണിനെ ഒഴിവാക്കാനായിരുന്നു ഗ്രീഷ്മ ക്രൂര കൊലപാതകം നടത്തിയത്.
Also Read: സിബിഐയെപോലും വിറപ്പിച്ച കൊലയാളി, ഇത് റിപ്പർ ജയാനന്ദന്റെ കഥ