വാർത്ത സംപ്രേക്ഷണം ചെയ്തിന്റെ പേരിൽ ഏഷ്യാനെറ്റ് ന്യൂസിനെതിരെ രജിസ്റ്റർ ചെയ്ത പോക്‌സോ കേസ് റദ്ദാക്കി ഹൈക്കോടതി. ചാനലിനും മാധ്യമപ്രവർത്തകർ അടക്കമുള്ള ജീവനക്കാർക്കുമെതിരെ രജിസ്റ്റർ ചെയ്ത കേസാണ് റദ്ദാക്കിയത്.
കുറ്റപത്രത്തിൽ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് കേസ് അസാധുവാക്കിയത്.
പോക്‌സോ, ജുവനൈൽ ജസ്റ്റീസ് കുറ്റങ്ങൾക്കുപുറമേ ക്രിമിനൽ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, വ്യാജ ഇലക്ട്രോണിക് രേഖ ചമയ്ക്കൽ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ഏഷ്യാനെറ്റിനെതിരെ ചുമത്തിയിരുന്നത്.
ഏക്‌സിക്യുട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ, റസിഡന്റ് എഡിറ്റർ കെ ഷാജഹാൻ, റിപ്പോർട്ടർ നൗഫൽ ബിൻ യൂസഫ്, വീഡിയോ എഡിറ്റർ വിനീത് ജോസ്, ക്യാമറാമാൻ വിപിൻ മുരളയിടക്കം ആറ് ജീവനക്കാരെയാണ് കേസിൽ പ്രതികളാക്കിയിരുന്നത്.
എന്നാൽ ഈ ആരോപണങ്ങളൊന്നും നിലനിൽക്കുന്നതല്ലെന്ന് കോടതി പറഞ്ഞു. മാത്രമല്ല ലഹരി വ്യാപനത്തിനെതിരായ ഏഷ്യാനെറ്റ് ന്യൂസ് സംപ്രേക്ഷണം ചെയ്ത വാർത്താ പരമ്പര സദുദ്ദേശത്തോടെയാണ് എന്ന സുപ്രധാന നിരീക്ഷണവും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ ബദ്‌റുദ്ദീൻ നടത്തിയിട്ടുണ്ട്.
2022 നവംബർ മാസം സംപ്രേഷണം ചെയ്ത നാർക്കോട്ടിക് ഈസ് എ ഡേർട്ടി ബിസിനസ് എന്ന വാർത്ത പരമ്പരയാണ് പോലീസ് കേസിന് കാരണമായത്. ഒരു ഇരയുടെ വെളിപ്പെടുത്തൽ എന്ന പേരിൽ ചിത്രീകരിച്ച് സംപ്രേക്ഷം ചെയ്തത് വ്യാജമാണെന്നായിരുന്നു എന്നായിരുന്നു ആരോപണം.
അന്ന് സിപിഎമ്മിനൊപ്പം ആയിരുന്ന പിവി അൻവറാണ് ഇതിനെല്ലാം ചുക്കാൻ പിടിച്ചത്. കൊച്ചിയിലെ ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിനുള്ളിൽ എത്തി എസ്എഫ്‌ഐ പ്രതിഷേധിച്ചിരുന്നു.
ഇതിനു പിന്നാലെ എക്‌സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ, റീജ്യണൽ എഡിറ്റർ ഷാജഹാൻ, റിപ്പോർട്ടർ നൗഫൽ ബിൻ യൂസഫ് തുടങ്ങി നാലു പേർക്കെതിരെ കേസ് എടുത്തു.
2023 മാർച്ച് 5ന് പുലർച്ചെ കോഴിക്കോട് സിറ്റി പൊലീസ് ഏഷ്യാനെറ്റ് ന്യൂസിന്റെ കോഴിക്കോട് റീജിയണൽ ഓഫീസിൽ പോലീസ് റെയ്ഡും നടത്തിയിരുന്നു.
ആ കേസിന്റെ പേരിൽ കടുത്ത സൈബർ ആക്രമണവും ഏഷ്യനെറ്റ് ന്യൂസിനെതിരെ വന്നിരുന്നു. അതിന് ഏറ്റവും കൂടുതൽ ഉപയോഗിച്ചത് പോക്‌സോനെറ്റ് എന്ന വിളിയായിരുന്നു.
നിയമപോരാട്ടത്തിലൂടെ വിശ്വാസ്യത തെളിയിക്കാൻ കഴിഞ്ഞു എന്ന ആശ്വാസത്തിലാണ് കേരളത്തിലെ നമ്പർവൺ ന്യൂസ് ചാനലായ ഏഷ്യാനെറ്റ്.