കൊച്ചി: ആടിനെ മോഷ്ടിച്ചെന്ന ആരോപണത്തെ തുടർന്ന് വയോധികരായ രണ്ടു പേരെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചയാളെ ഹൈക്കോടതി വെറുതെ വിട്ടു. 2007 ഒക്ടോബര്‍ മൂന്നിനു നടന്ന സംഭവത്തിലാണ് കോടതിയുടെ നടപടി. പത്തനംതിട്ട പൊലീസ് സ്റ്റേഷനു സമീപം മുനിസിപ്പാലിറ്റിയുടെ സ്ഥലത്തു താമസിച്ചിരുന്ന ഏലിക്കുട്ടിയെയും സഹായി പ്രഭാകരനേയും കൊലപ്പെടുത്തിയ കേസിലെ പ്രതി വാഴമുട്ടം സ്വദേശി ആനന്ദകുമാറിന്റെ ശിക്ഷയാണ് ഹൈക്കോടതി റദ്ദാക്കിയത്.(High Court acquitted the man who sentenced him to life imprisonment)
പത്തനംതിട്ട അഡി. സെഷന്‍സ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. കൊലപാതകത്തില്‍ പ്രതിക്കുള്ള പങ്ക് തെളിയിക്കുന്ന തെളിവുകളൊന്നും ഹാജരാക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ലെന്ന് കോടതി പറഞ്ഞു. സാഹചര്യത്തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് പ്രതിയെ ശിക്ഷിച്ചിരിക്കുന്നതെന്നും കോടതി വ്യക്തമാക്കി. മറ്റു കേസുകളില്‍ പ്രതിയല്ലെങ്കില്‍ ആനന്ദകുമാറിനെ വിട്ടയയ്ക്കാനും കോടതി നിർദേശം നൽകി.
ആടിനെ വളര്‍ത്തി ജീവിച്ചിരുന്ന ഏലിക്കുട്ടിയോടും പ്രഭാകരനോടും പ്രതിക്ക് മുന്‍വൈരാഗ്യം ഉണ്ടായിരുന്നു എന്നാണ് പ്രോസിക്യൂഷന്‍ വാദം. സംഭവ ദിവസം രാവിലെ 10 മണിയോടെ ശ്മശാന പരിസരത്ത് ആടുമേയ്ക്കുകയായിരുന്ന ഏലിക്കുട്ടിയെ കഴുത്തില്‍ തുണിമുറുക്കി കൊലപ്പെടുത്തിയശേഷം പ്രതി ചതുപ്പില്‍ ചവിട്ടിതാഴ്ത്തിയെന്നാണ് കേസ്. ഏലിക്കുട്ടിയെ അന്വേഷിച്ചുവന്ന പ്രഭാകരനെ പ്രതി ടൈല്‍ കഷണംകൊണ്ട് അടിച്ചുവീഴ്ത്തി കൊലപ്പെടുത്തിയശേഷം കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചുവെന്നും പ്രോസിക്യൂഷന്‍ പറയുന്നു. പ്രഭാകരന്റെ മൃതശരീരം ഒക്ടോബര്‍ ആറിനും ഏലിക്കുട്ടിയുടേത് ഒമ്പതിനുമാണ് കണ്ടെത്തിയത്. 15ന് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.