കൊച്ചി: സ്വകാര്യ ലേഡീസ് പി ജി ഹോസ്റ്റലിലെ കുളിമുറിയില്‍ ഒളിക്യാമറ കണ്ടെത്തി. പൊന്നുരുന്നിയില്‍ പെണ്‍കുട്ടികള്‍ പേയിങ് ഗസ്റ്റായി താമസിക്കുന്ന വീട്ടിലാണ് സംഭവം. എന്നാൽ പരാതി നല്‍കിയിട്ടും കടവന്ത്ര പോലീസ് കേസെടുക്കുന്നില്ലെന്ന് ഇവിടെ താമസിക്കുന്ന പെൺകുട്ടികൾ ആരോപിച്ചു(Hidden cam in ladies hostel bathroom kochi)
പോലീസിന്റെ ഭാഗത്ത് നിന്ന് നടപടിയെടുക്കാത്തതിനാൽ പെൺകുട്ടികൾ കൊച്ചി സിറ്റി പോലീസിന്റെ വനിതാ സെല്ലിനെ സമീപിച്ചു. ബുധനാഴ്ചയാണ് ഹോസ്റ്റലിലെ നാല് പെണ്‍കുട്ടികള്‍ താമസിക്കുന്ന മുറിയിലെ കുളിമുറിയില്‍ മൊബൈല്‍ഫോണ്‍ ക്യാമറ ഓണ്‍ചെയ്ത് ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. എക്‌സ്‌ഹോസ്റ്റ് ഫാനിനിടയിലായിരുന്നു ക്യാമറ വെച്ചിരുന്നത്.
ക്യാമറ ശ്രദ്ധയില്‍പ്പെട്ടതോടെ കുളിമുറിയില്‍ കയറിയ പെണ്‍കുട്ടി ഇറങ്ങിയോടി മറ്റു അന്തേവാസികളെ വിവരമറിയിച്ചു. തുടര്‍ന്ന് ഇവര്‍ വീട്ടുടമയെ വിവരമറിയിച്ച് തിരികെ എത്തിയപ്പോഴേക്കും കുളിമുറിയില്‍നിന്ന് മൊബൈല്‍ഫോണ്‍ അപ്രത്യക്ഷമായിരുന്നു. ഇതിനുപിന്നാലെയാണ് പെണ്‍കുട്ടികള്‍ പരാതിയുമായി കടവന്ത്ര പോലീസിനെ സമീപിച്ചത്.
എന്നാൽ സ്റ്റേഷനില്‍ മേലുദ്യോഗസ്ഥര്‍ ഇല്ലാത്തതിനാല്‍ കേസെടുക്കാനും നടപടിയെടുക്കാനും വൈകുമെന്നാണ് പോലീസ് സ്‌റ്റേഷനില്‍ നിന്ന് ലഭിച്ച വിവരമെന്ന് പെൺകുട്ടികൾ പറഞ്ഞു. തുടർന്ന് ഇവര്‍ കൊച്ചി സിറ്റി പോലീസിന്റെ വനിതാ സെല്ലിനെ സമീപിക്കുകയായിരുന്നു.
Read Also: ശനിയാഴ്ച ശുഭ മുഹൂർത്തമില്ല; മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ചയിലേക്ക് മാറ്റിയതായി സൂചന
Read Also: വകുപ്പുകളിലെ പാളിച്ചകള്‍ തോല്‍വിക്ക് കാരണമായി; പരാജയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഐ