കോഴിക്കോട്: ഹിമാചൽ പ്രദേശിലെ സ്പിറ്റിവാലി വരെ തനിച്ച് വാഹനം ഓടിക്കാൻ കോഴിക്കോട്ടുകാരിയായ യുവതി.
വെറുതെ ഒരു യാത്രയല്ല. സ്പിറ്റി വാലിയിലെ മഞ്ഞുമൂടിയ വഴികളിലൂടെ സാഹസികത നിറഞ്ഞ ഓഫ്റോഡ് യാത്രയ്ക്കായാണ് കോഴിക്കോട് മൂന്നാലിങ്കൽ സ്വദേശിയായ ഹെന്ന ജയന്ത് പുറപ്പെട്ടത്.
സ്പിറ്റിവാലി വരെ തനിച്ച് മാരുതി സുസുക്കി ജിംനി കാറോടിച്ചാണ് ഹെന്ന പോകുന്നത്. അതിവേഗ കാറോട്ട മത്സരങ്ങളിലെ സൂപ്പർ താരമാണ് ഹെന്ന. ഓഫ് റോഡ് ഡ്രൈവിംഗ് മേഖലയിലേക്ക് അടുത്ത കാലത്താണ് യുവതി ചുവടുവെച്ചത്.
ഗുജറാത്ത് വംശജനായ ആർ.ജയന്ത് കുമാറിന്റെയും മുൻ കൗൺസിലർ ഹൻസ ജയന്തിന്റെയും മകളാണ് ഹെന്ന.
മൗണ്ടൻഗോട്ട് വിന്റർ എക്സ്പെഡിഷന്റെ ഭാഗമായി ഈ മാസം 15 മുതൽ 23 വരെയാണ് യാത്ര. ഇത്രയും ദിവസം ഹിമാചൽ പ്രദേശിലെ സ്പിറ്റി വാലിയിൽ മഞ്ഞ് നിറഞ്ഞ വഴികളിലൂടെയാണ് വാഹനമോടിക്കേണ്ടത്.
രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 85 കാറുകളാണ് പങ്കെടുക്കുന്നത്. ഞായറാഴ്ച ഉച്ചയ്ക്കാണ് യാത്ര പുറപ്പെട്ടത്. ഈ യാത്രയിൽ പങ്കെടുക്കുന്ന മലബാറിൽനിന്നുള്ള ഏക വ്യക്തിയാണ് ഹെന്ന.
അഹമദ് ദേവർകോവിൽ എംഎൽഎ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ഡോ.കെ. കുഞ്ഞാലി, റംസി ഇസ്മായിൽ, പി.ടി.ആസാദ്, അബ്ദുല്ല മാളിയേക്കൽ, കെ.എം.ബഷീർ, കെ. ഖൈസ് അഹമദ്, ഹാഷിം കൊളക്കാ ടൻ എന്നിവർ പ്രസംഗിച്ചു.
ഷിംലയിലെ സ്പിറ്റിയിലാണ് പത്തുദിവസത്തെ സ്നോഡ്രൈവ്. 2,800 കിലോമീറ്റർ കാറോടിച്ച് പത്തുദിവസംകൊണ്ട് അവിടെയെത്തണം.
പകൽമാത്രമാണ് യാത്ര. മൗണ്ടൻ ഗോട്ട് എന്ന സ്ഥാപനമാണ് മഞ്ഞിലൂടെയുള്ള പന്ത്രണ്ടാമത്തെ സാഹസികയാത്ര സംഘടിപ്പിക്കുന്നത്.