തുടർച്ചയായി സംസ്ഥാനത്ത് ശക്തമായ മഴയാണ് ലഭിക്കുന്നത്. ഇന്നും നല്ല മഴപെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും ഒൻപത് ജില്ലകളിൽ യെല്ലോ അലര്‍ട്ടുമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. അതേസമയം ശക്തമായ കാറ്റും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശം കർശനമായി പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും ആയിരിക്കും. ഞായറാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലര്‍ട്ടും മൂന്ന് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടുമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.