തിരുവനന്തപുരം: തലസ്ഥാനത്തു പെയ്ത കനത്ത മഴയിൽ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. തിരുവനന്തപുരം നഗരത്തിൽ വൈകുന്നേരം വരെ 40 മില്ലീ മീറ്റർ മഴയാണ് പെയ്തത്. റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗത തടസ്സം നേരിട്ടു.
ശാസ്തമംഗത്ത് ഓൺലൈൻ ഭക്ഷണ വിതരണക്കാരനായ യുവാവിന് തോട്ടിൽ വീണ് പരിക്കേറ്റു. ശാസ്തമംഗലം മഹാദേവ ക്ഷേത്രത്തിന് സമീപമുള്ള തുറവൂർ ലൈനിനടുത്താണ് അപകടമുണ്ടായത്. മഴ തുടർന്നതോടെ നല്ല ഒഴുക്കുണ്ടായിരുന്ന തോട്ടിലേക്ക് ശ്യാം എന്ന യുവാവ് വീഴുകയായിരുന്നു. ഇയാളെ നാട്ടുകാർ രക്ഷപ്പെടുത്തി. പിന്നാലെ ഫയർഫോഴ്സ് എത്തിയാണ് ബൈക്ക് തോട്ടിൽ നിന്നും കരയിലെത്തിച്ചത്.
കനത്ത മഴ കണക്കിലെടുത്ത് തിരുവനന്തപുരം കൊല്ലം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.