കൊച്ചി: കോൺക്രീറ്റ് മിക്സിങ് യന്ത്രത്തിൽ തല കുടുങ്ങി യുവാവ് മരിച്ചു. ആലുവ മുപ്പത്തടത്താണ് ദാരുണ സംഭവം നടന്നത്. നെടുമ്പാശ്ശേരി കപ്രശ്ശേരി സ്വദേശി പ്രദീപ്(45) ആണ് മരിച്ചത്.(head stuck in concrete mixing machine; young man died in aluva)
ഇന്നലെ ഉച്ച കഴിഞ്ഞാണ് അപകടമുണ്ടായത്. ബിനാനിപുരം പൊലീസ് സ്റ്റേഷന് സമീപം മുപ്പത്തടം സ്വദേശി സുനിലിന്റെ വീട്ടിലായിരുന്നു പ്രദീപിന് കോൺക്രീറ്റ് പണി. ജോലിക്ക് ശേഷം യന്ത്രം ഓഫ് ചെയ്യാതെ തല അകത്തേക്ക് നീട്ടി വൃത്തിയാക്കുകയായിരുന്നു. ഇതിനിടെയാണ് പ്രദീപിന്റെ തല അകത്ത് കുടുങ്ങിയത്.
ഉടൻ യന്ത്രം നിർത്തി ആളെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. തൃശൂർ കല്ലുത്തി മേലൂർ ആലഞ്ചേരിമറ്റത്ത് വീട്ടിൽ താമസിക്കുന്ന സുബ്രൻ-ഓമന ദമ്പതികളുടെ മകനാണ് പ്രദീപ്. ബിനാനിപുരം പൊലീസ് എത്തി മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.