മൂന്നാർ ∙ ഒരു മാസം മുൻപു പൊള്ളലേറ്റ 5 വയസ്സുകാരിക്ക് ദാരുണാന്ത്യം. സംഭവത്തിൽ അസ്വാഭാവിക മരണത്തിനു മൂന്നാർ പൊലീസ് കേസെടുത്തു. നല്ലതണ്ണിയിലെ രമേശ് – ദിവ്യ ദമ്പതികളുടെ മകൾ ശ്വേതയാണു മരിച്ചത്. മരണത്തിൽ ദുരുഹത ഉണ്ടെന്ന സംശയത്തെ തുടർന്ന് മൃതദേഹം സംസ്കരിക്കാനുള്ള വീട്ടുകാരുടെ ശ്രമം പൊലീസ് ഇടപെട്ട് തടഞ്ഞു. ഒരു മാസം മുൻപാണ് പൊള്ളലേറ്റത്
വാഗുവരയിലെ ബന്ധുവീട്ടിൽ കുളിക്കാൻ വച്ചിരുന്ന ചൂടുവെള്ളത്തിൽ വീഴുകയായിരുന്നു. തുടർന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടിയെ കഴിഞ്ഞ 29നു വീട്ടിലേക്കു വിട്ടു. കുട്ടിക്കു തുടർചികിത്സ ഡോക്ടർമാർ നിർദേശിച്ചിരുന്നു. തിങ്കളാഴ്ച ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്നു ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്കു മാറ്റി. ഇന്നലെ ഉച്ചയ്ക്ക് 2നു സംസ്കാരം നടത്താനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടയിലാണ് എസ്എച്ച്ഒ രാജൻ കെ.അരമനയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ചടങ്ങുകൾ തടഞ്ഞു കേസെടുത്തത്.