ന്യൂഡല്‍ഹി: ഇന്ത്യയിൽ അപൂര്‍വ വൃക്കരോഗം ബാധിച്ച 47കാരന്‍ ജീവിക്കുന്നത് 5 വൃക്കയുമായി. ദേവേന്ദ്ര ബരേല്‍വാര്‍ എന്നയാള്‍ക്കു ഫരീദാബാദ് അമൃത ആശുപത്രിയില്‍ അഞ്ചാമത്തെ വൃക്ക വച്ചുപിടിപ്പിക്കുകയായിരുന്നു.
15ാം വയസ്സുമുതല്‍ അപൂര്‍വ രോഗത്തിന്റെ പിടിയിലായ ഇദ്ദേഹത്തിനു 2010ലും 2012ലും വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയെങ്കിലും ഇതു രണ്ടും പരാജയപ്പെട്ടു.
തുടര്‍ന്നാണ് ഏതാനും ആഴ്ച മുന്‍പ് അമൃതയില്‍ മൂന്നാമതും വൃക്ക മാറ്റിവയ്ക്കലിനു വിധേയനായത്. നിലവിൽ ശരീരത്തിലെ 5 വൃക്കകളില്‍ നാലെണ്ണം പ്രവര്‍ത്തനരഹിതമാണ്. രണ്ടെണ്ണം സ്വന്തം വൃക്കയും മറ്റു രണ്ടെണ്ണം മുമ്പ് തുന്നിച്ചേര്‍ത്തതുമാണ്
ഡിആര്‍ഡിഒ ശാസ്ത്രജ്ഞനാണ് 47 കാരനായ ദേവേന്ദ്ര ബാര്‍ലെവാര്‍. ജനുവരി 8നാണ് ഇദ്ദേഹത്തിന് മൂന്നാമത് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. മസ്തിഷ്‌ക മരണം സംഭവിച്ച 50 വയസുള്ള ഒരു കര്‍ഷകന്റെ കുടുംബം വൃക്ക ദാനം ചെയ്യാന്‍ തീരുമാനിച്ചതിനെത്തുടര്‍ന്നാണ് ഈ ശസ്ത്രക്രിയ സാധ്യമായത്.
ഈ കേസ് അസാധാരണ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നുവെന്ന് യൂറോളജി വിഭാഗത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.അഹമ്മദ് കമാല്‍ പറഞ്ഞു.
ഇപ്പോള്‍ സ്വതന്ത്രമായ രീതിയില്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ കഴിയുന്നുണ്ടെന്നും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെട്ടുവെന്നും ദേവേന്ദ്ര ബാര്‍ലെവാര്‍ പറയുന്നു. അമൃത ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു.”