അടിമാലി: ജനവാസ മേഖലയിൽ കാട്ടാന wild elephants in residential areas ശല്യം രൂക്ഷം. മൂന്നാർ, മാങ്കുളം, മറയൂർ വനം ഡിവിഷനുകൾക്ക് കീഴിലുള്ള എല്ലാ മേഖലയിലും ആന ശല്യം രൂക്ഷമാണ്. 30 സ്ഥലങ്ങളിലായി 120 കിലോമീറ്ററിലധികം സൗരോർജ വേലിയും ഏഴ് കിലോമീറ്റർ ഉരുക്ക് വടം പദ്ധതിയും 300 കിലോമീറ്ററിലധികം കിടങ്ങുകളുമാണ് കാലപ്പഴക്കത്താലും ആന ആക്രമണങ്ങളാലും നശിച്ചത്.
ആനകളെ തടയാൻ സ്ഥാപിച്ച സൗരോർജ വേലികൾ നോക്കുകുത്തിപോലായി. ഈ മേഖലകളിൽ വേലികൾ തകര്ത്ത് ആനകള് കൃഷിയും വീടുകളും നശിപ്പിക്കുന്നത് പതിവാകുകയാണ്. നശിച്ചവ പുനർനിർമിക്കാൻ ഫണ്ടില്ലാതായതോടെ സർക്കാറിന്റെ കോടിക്കണക്കിന് രൂപയും പാഴായി എന്നാണ് വിമർശന.
കോടികൾ മുടക്കിയിട്ടും ആന ശല്യത്തിന് യാതൊരു കുറവില്ലെന്നു നാട്ടുകാർ പറയുന്നു. വലിയ മരങ്ങൾ മറിച്ചിട്ട് ആനകൾ വേലികൾ തകർക്കും. എന്നാൽ, അറ്റകുറ്റപ്പണിക്കോ തകർന്നവ പുനഃസ്ഥാപിക്കാനോ നടപടി എടുക്കാൻ ആരും മെനക്കെടാറില്ല.
ഫണ്ടില്ലാത്തതു തന്നെ മുഖ്യകാരണമായി പറയുന്നത്. വാഹനങ്ങൾക്ക് ഡീസല് നിറക്കാൻപോലും ഫണ്ട് നൽകാത്തതിനാൽ ജനവാസ മേഖലയിൽ കാട്ടാനകൾ ഇറങ്ങിയാൽ ജീവനക്കാർ എത്താൻ മടിക്കുകയാണെന്നും ആരോപണമുണ്ട്.
മാട്ടുപ്പെട്ടിയിൽ പടയപ്പ ഇറങ്ങി വ്യാപാര സ്ഥാപനങ്ങൾ നശിപ്പിച്ചത് കഴിഞ്ഞ ദിവസമാണ്. വനപാലകരെ വിവരം അറിയിച്ചിട്ടും എത്തിയില്ല. പടയപ്പയെ നിരീക്ഷിക്കാൻ പ്രത്യേക റാപ്പിഡ് റെസ്പോണ്ട്സ് ടീം പ്രവർത്തിക്കുമ്പോഴാണ് ഈ അവസ്ഥ. മൂന്നാർ തോട്ടം മേഖലയിൽ പടയപ്പക്ക് പുറമെ ഒറ്റക്കൊമ്പനും പ്രശ്നമുണ്ടാക്കുന്നുണ്ട്.
ചിന്നക്കനാൽ, വട്ടവട, മറയൂർ, ശാന്തൻപാറ, മൂന്നാർ, മാങ്കുളം, അടിമാലി, ബൈസൺവാലി പഞ്ചായത്തുകളിലാണ് കാട്ടാന ശല്യം അതിരൂക്ഷമായിരിക്കുന്നത്. ഇവിടങ്ങളിൽ സ്ഥാപിച്ച സൗരോർജ വേലികളും ഉരുക്ക് വടവും കിടങ്ങുകളും 90 ശതമാനത്തിലേറെ നശിച്ചു. കുറത്തിക്കുടി, ഇടമലക്കുടി ആദിവാസി കോളനികളിലും രാത്രിയും പകലും ആനകൾ കൃഷി നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്.
എറണാകുളം-ഇടുക്കി ജില്ലകളുടെ അതിർത്തിയായ മാമലക്കണ്ടത്തും ഇഞ്ചത്തൊട്ടിയിലും കാഞ്ഞിരവേലിയിലും കാട്ടാന ശല്യംമുമ്പത്തെക്കാൾ രൂക്ഷമാണ്. ഇവിടെ നശിപ്പിച്ച വൈദ്യുതി വേലികൾ പുനഃസ്ഥാപിക്കാൻ ഫണ്ട് ആവശ്യപ്പെട്ട് വനം വകുപ്പ് രണ്ടുവർഷം മുമ്പ് അപേക്ഷ നൽകിയതാണ്. എന്നാൽ ഇപ്പോഴും തീരുമാനമായിട്ടില്ല.
വേലികൾ സ്ഥാപിക്കുന്നതിനു പുറമെ ആനകളെ തുരത്താൻ വനംവകുപ്പ് സ്പെഷൽ ഫോറസ്റ്റ് പ്രൊട്ടക്ഷൻ ഫോഴ്സിനെയും എലിഫന്റ് ഡിപ്രഡേഷൻ സ്ക്വാഡുകളെയും ഉപയോഗിക്കുന്നുണ്ടെങ്കിലും ഒരു രക്ഷയുമില്ല.
പാട്ടകൊട്ടൽ, പന്തം കത്തിക്കൽ, പടക്കം പൊട്ടിക്കൽ തുടങ്ങിയ മാർഗങ്ങളാണ് വനംവകുപ്പും നാട്ടുകാരും ആനകളെ തുരത്താൻ ഈ നൂറ്റാണ്ടിലും ഉപയോഗിക്കുന്നത്. എന്നാൽ, ഇവയൊന്നും ശാശ്വതവുമല്ലെന്നു ബോധ്യപ്പെട്ടിട്ടും വനംവകുപ്പ് പുതിയ മാർഗങ്ങൾ തേടുന്നില്ലെന്നാണ് ആക്ഷേപം. ചെലവ് കുറഞ്ഞ മാർഗം ഉപയോഗപ്പെടുത്തി കർഷകരെ ആനശല്യത്തിൽനിന്നു രക്ഷിക്കണമെന്നാണ് ആവശ്യം.