അബുദാബി: മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് ഒമാനൊഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും.സൗദി അറേബ്യയിലെ തുമൈർ, ഹോത്ത സുദൈർ എന്നിവിടങ്ങളിൽ ശവ്വാൽ മാസപ്പിറവി ദൃശ്യമായി. റമസാൻ 29 പൂർത്തിയായ ഇന്ന് ശവ്വാൽ മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് നാളെ ശവ്വാൽ ഒന്നായി മതകാര്യ മന്ത്രാലയത്തിന് കീഴിലുള്ള മാസപ്പിറവി കമ്മിറ്റി പ്രഖ്യാപിച്ചു.
അതേസമയം മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ഒമാനിൽ മാർച്ച് 31 തിങ്കളാഴ്ചയായിരിക്കും പെരുന്നാൾ എന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു. ഖത്തറിൽ നാളെ രാവിലെ 5.43 നാണ് പെരുന്നാൾ നമസ്കാരം നടക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 700 ഓളം കേന്ദ്രങ്ങളിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് പെരുന്നാൾ നമസ്കാരത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ട്.
നാളെ രാവിലെ സൂര്യോദയത്തിന് ശേഷം 15 മിനിറ്റ് കഴിഞ്ഞാണ് സൗദിയിൽ ഈദുൽ ഫിത്ർ നമസ്കാരം നടക്കുക. മഴയുടെ സാഹചര്യമുണ്ടെങ്കിൽ ഈദുഗാഹുകളിലെ നമസ്കാരം മസ്ജിദുകളിലേക്ക് മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്.
ശവ്വാൽ ചന്ദ്രക്കല ദർശിച്ചതിനാൽ യുഎഇയിൽ നാളെ പെരുന്നാളാഘോഷിക്കും. ശവ്വാൽ 1 മുതൽ ശവ്വാൽ 3 വരെയാണ് യുഎഇയിൽ പെരുന്നാളവധി പ്രഖ്യാപിച്ചിരിക്കുന്നത്.