മദ്രാസ്: മോക്ഷം നേടാമെന്ന് വിശ്വസിപ്പിച്ച് വിദേശ വനിതയ്ക്ക് നേരെ ലൈംഗീകാതിക്രമം. പുണ്യസ്ഥലമായി കരുതപ്പെടുന്ന കുന്നിന്മുകളിലെത്തിച്ചായിരുന്നു പീഡനം. ഫ്രഞ്ചുകാരിയായ യുവതിയെയാണ് തമിഴ്‌നാട്ടിലെ തിരുവണ്ണാമല ജില്ലാ ടൂറിസ്റ്റ് ഗൈഡ് ലൈംഗികമായി പീഡിപ്പിച്ചത്.
തിരുവണ്ണാമലയിലെ ഒരു ആശ്രമത്തിൽ താമസിച്ച് വരികയായിരുന്ന 48കാരിയായ വിദേശ വനിത ധ്യാനത്തിന്റെ ഭാഗമായി ദീപമല കുന്നിലേയ്ക്ക് പോയപ്പോഴാണ് ലൈംഗീകാതിക്രമം ഉണ്ടായത്.
ഗൈഡുകൾക്കൊപ്പമായിരുന്നു യുവതി 2,668 അടി ഉയരമുള്ള കുന്നിൻമുകളിൽ കയറിയത്. ഇവിടെയെത്തി ധ്യാനിക്കാനായി ഒരു ഗുഹയിൽ കയറിയ തക്കം നോക്കി വെങ്കിടേശ്വരൻ എന്ന ഗൈഡ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതി നൽകിയിരിക്കുന്ന പരാതിയിൽ പറയുന്നത്.
ലൈംഗീകാതിക്രമത്തെ തുടർന്ന് കുന്നിറങ്ങി രക്ഷപ്പെട്ട യുവതി തിരുവണ്ണാമല വെസ്റ്റ് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
യുവതിയുടെ പരാതിയെ അടിസ്ഥാനമാക്കി പ്രത്യേക സംഘത്തെ രൂപീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ വെങ്കിടേശ്വരൻ പിടിയിലായത്. ലൈംഗികാതിക്രമത്തിന് ഇരയായ വിദേശവനിതയെ തിരുവണ്ണാമല ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.