ന്യൂയോർക്ക്: എക്സ് എഐയുടെ ജനറേറ്റീവ് എഐ ചാറ്റ്‌ബോട്ടായ ഗ്രോക്ക് 3 ഉടൻ പുറത്തിറങ്ങുമെന്ന വെളിപ്പെടുത്തലുമായി ഇലോൺ മസ്ക് രംഗത്ത്. ചാറ്റ്‌ജിപിടി അടക്കമുള്ള മറ്റ് എഐ ചാറ്റ്ബോട്ടുകളെയെല്ലാം മറികടക്കുന്ന തരത്തിലുള്ള പ്രകടനം ഗ്രോക്ക് 3-നുണ്ടാകുമെന്ന് മസ്ക് വീഡിയോയിൽ അവകാശപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു.
ഓപ്പൺ എഐയുടെ ചാറ്റ്‌ജിപിടി അടക്കമുള്ള എഐ മോഡലുകൾക്ക് ഡീപ്‌സീക്ക് പോലുള്ള ചൈനീസ് ചാറ്റ്ബോട്ടുകൾ വലിയ വെല്ലുവിളിയാവുന്ന സാഹചര്യത്തിലാണ് ഗ്രോക്ക് 3-യുടെ വികസനത്തെ കുറിച്ച് ഇലോൺ മസ്‌ക് വെളുപ്പെടുത്തിയിരിക്കുന്നത് . എക്സ്എഐയുടെ ചാറ്റ്ബോട്ടായ ഗ്രോക്ക് 3 വികസനത്തിൻറെ അന്തിമ പാതയിലാണെന്നും ഒന്നോ രണ്ടോ ആഴ്ചകൾ കൊണ്ട് പുറത്തിറക്കുമെന്നും മസ്ക് പറഞ്ഞു. ഓപ്പൺ എഐയുടെ ചാറ്റ്ജിപിടിക്ക് വലിയ വെല്ലുവിളിയാവുമെന്ന പ്രകടന മികവ് ഗ്രോക്ക് 3-യ്ക്കുണ്ടാകുമെന്ന് മസ്ക് അവകാശപ്പെട്ടു.
ഗ്രോക്ക് 3-യ്ക്ക് വളരെ മികവാർന്ന റീസണിംഗ് കഴിവുകളുണ്ട്. മറ്റ് എഐ ചാറ്റ്ബോട്ടുകളെയെല്ലാം വെല്ലുന്ന മികവാണ് പരീക്ഷണ ഘട്ടത്തിൽ ഗ്രോക്ക് 3 കാഴ്ചവെച്ചത്, അതൊരു ശുഭ സൂചനയാണെന്നും ഇലോൺ മസ്‌ക് പറഞ്ഞു. മൈക്രോസോഫ്റ്റ് പിന്തുണയുള്ള ഓപ്പൺ എഐയ്ക്കും ആൽഫബെറ്റിൻറെ ഗൂഗിളിനും ആർട്ടിഫിഷ്യൽ ഇൻറലിജൻസ് രംഗത്ത് വെല്ലുവിളിയുയർത്താൻ ലക്ഷ്യമിട്ടാണ് ശതകോടീശ്വരനായ ഇലോൺ മസ്ക് എക്സ്എഐ സ്ഥാപിച്ചത്.
ഓപ്പൺ എഐയുടെ സഹസ്ഥാപനായിരുന്നു മസ്ക് എങ്കിലും സാം ആൾട്ട്‌മാനുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് 2018ൽ ഓപ്പൺ എഐ വിട്ടിരുന്നു. ഇതിന് ശേഷം ഓപ്പൺ എഐ പുറത്തിറക്കിയ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടി ലോകമെങ്ങും വലിയ പ്രചാരം നേടി. ചാറ്റ്ജിപിടി നിർമാതാക്കളായ ഓപ്പൺഎഐയുടെ സിഇഒ സാം ആൾട്ട്‌മാനുമായി കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പോർവിളിയുടെ തുടർച്ചയാണ് ഇലോൺ മസ്കിൻറെ ഭാഗത്ത് നിന്ന് ഗ്രോക്ക് 3-യുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.