തൊടുപുഴ: പ്രതിഷേധങ്ങൾക്കിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തൊടുപുഴയിലെത്തി. ജില്ലാ അതിർത്തിയിലെ മൂന്നിടത്ത് എസ്എഫ്ഐ, ഡിവൈഎഫ്ഐ, യൂത്ത് ഫ്രണ്ട് (എം) പ്രവർത്തകർ ഗവർണർക്കു നേരേ കരിങ്കൊടി പ്രതിഷേധം നടത്തി. അച്ഛകവല, വെങ്ങല്ലൂർ, ഷാപ്പുപടി എന്നിവടങ്ങളിലായിരുന്നു പ്രതിഷേധം ഉണ്ടായത്. ഗവർണറുടെ പരിപാടി നടക്കുന്ന മെർച്ചന്റ് അസോസിയേഷൻ ഹാളിലേക്ക് ഡിവൈഎഎഫ്ഐ പ്രവർത്തകർ പ്രകടനമായി എത്തി. പ്രതിഷേധക്കാരെ പോലീസെത്തി തടഞ്ഞു.
വ്യാപാരി വ്യവസായി ഏകോപന സമിതി നടപ്പാക്കുന്ന ‘കാരുണ്യം’ വ്യാപാരി ക്ഷേമപദ്ധതി ഉദ്ഘാടനം ചെയ്യാനാണു ഗവർണർ തൊടുപുഴയിലെത്തിയത്. ഇടുക്കി ജില്ലയിൽ എൽഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ പുരോഗമിക്കുന്നതിനിടെയാണ് ഗവർണർ എത്തിയത്. ഗവർണറെ തടയില്ലെന്ന് എൽഡിഎഫ് ഇടുക്കി ജില്ലാ കൺവീനർ കെ.കെ.ശിവരാമൻ അറിയിച്ചെങ്കിലും കരിങ്കൊടി പ്രതിഷേധം നടത്തുമെന്ന് എസ്എഫ്ഐ നേരത്തെ അറിയിച്ചിരുന്നു.
രാവിലെ ഗവർണർക്കെതിരെ എസ്എഫ്ഐ പ്രവർത്തകർ അസഭ്യവർഷം നടത്തുകയും കറുത്ത ബാനർ ഉയർത്തുകയും ചെയ്തു. ‘സംഘി ഖാൻ, താങ്കൾക്ക് ഇവിടെ സ്ഥാനമില്ല’ എന്ന് ഇംഗ്ലീഷിൽ എഴുതിയ ബാനറാണ് എസ്എഫ്ഐ സ്ഥാപിച്ചത്. ഭൂപതിവ് നിയമഭേദഗതി ബില്ലില്‍ ഗവർണർ ഒപ്പിടാത്തതിൽ പ്രതിഷേധിച്ചാണ് ഇടുക്കിയിൽ ഹർത്താൽ നടക്കുന്നത്. ഗവർണർക്കു വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. തൊടുപുഴയിൽ 500 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. 1960ലെ ഭൂപതിവ് നിയമഭേദഗതിക്ക് അനുമതി നൽകാത്ത ഗവർണറുടെ നിലപാടിനെതിരെയാണു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ജില്ലയിൽ എൽഡിഎഫ് ഹർത്താൽ. ഇതേ കാരണത്തിൽ എൽഡിഎഫിന്റെ രാജ്ഭവൻ മാർച്ചും ഇന്ന് നടക്കും.
Read Also: 09.01.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ