കോഴിക്കോട്: യുവാവിൻറെ കാല് തല്ലിയൊടിക്കാനായി ക്വട്ടേഷൻ നൽകിയ സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. ക്വട്ടേഷൻ കൊടുത്തയാളെയും, ഏറ്റെടുത്തയാളെയുമാണ് ഫറൂഖ് പൊലീസ് പിടികൂടിയത്. കരുമകൻ കാവിന് സമീപം താമസിക്കുന്ന ലിൻസിത്ത് ശ്രീനിവാസൻ (37)എന്നയാളാണ് ക്വട്ടേഷൻ നൽകിയത്. ഇയാളേയും ക്വട്ടേഷൻ സംഘത്തിലെ ജിതിൻ റൊസാരിയോ(27) എന്ന യുവാവിനെയുമാണ് പൊലീസ് പിടികൂടിയിരിക്കുന്നത്.
ഫറൂഖ് ചുങ്കത്ത് ടു വീലർ വർക്ക് ഷോപ്പ് നടത്തുന്ന റിഥു എന്നയാളുടെ കാല് തല്ലിയൊടിക്കാനായിരുന്നു ക്വട്ടേഷൻ നൽകിയത്. പ്രതി ലിൻസിത്തിൻറെ അച്ഛനുമായി റിഥുവും കൂട്ടുകാരനും വഴക്കിട്ടു എന്നതാണ് ക്വട്ടേഷൻ നൽകാൻ കാരണമെന്നാണ് ലഭിക്കുന്ന വിവരം.
30,000 രൂപക്ക് ക്വട്ടേഷൻ ഉറപ്പിച്ച ലിൻസിത്ത് 10,000 രൂപ മുൻകൂറായി ജിതിന് നൽകുകയും ചെയ്തു. ശേഷം ജിതിനും സുഹൃത്തുക്കളും ചേർന്ന് റിഥുവിനെ ചുങ്കത്തും പരിസരങ്ങളിലും പലതവണ തിരഞ്ഞെങ്കിലും കണ്ടുകിട്ടിയില്ല.
അവസാനമായി ഫെബ്രുവരി 21 ന് വീണ്ടുമെത്തിയെങ്കിലും കാണാൻ സാധിച്ചതുമില്ല. തുടർന്നാണ് റിഥുവിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഇരുചക്ര വാഹനം തീയിട്ടത്. കാല് തല്ലിയൊടിക്കാൻ കഴിയാത്തതുകൊണ്ട് പകുതി പണം മാത്രമാണ് പ്രതികൾ വാങ്ങിയത്
അതേസമയം തൻറെ വീടിന് മുൻപിൽ നന്നാക്കാനായി കൊണ്ടുവെച്ച ബൈക്ക് ആരോ കത്തിച്ചെന്ന് കാണിച്ച് റിഥു പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഈ പരാതിയെ അടിസ്ഥാനമാക്കി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന് പിന്നിലെ ക്വട്ടേഷൻ ബന്ധം പുറത്തുവന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻറ് ചെയ്തു.