ഒരു പ്രത്യേക മതാടിസ്ഥാനത്തിൽ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ് ഗ്രൂപ് രൂപവത്കരിച്ച സംഭവത്തിൽ വ്യവസായ, വാണിജ്യ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണന്‍റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് വ്യക്തമായി. ഹാക്കിങ് നടന്നിട്ടില്ലെന്ന് പൊലീസിന്‍റെ അന്വേഷണത്തിന് ഗൂഗിളും മെറ്റയും മറുപടി നൽകി. Google says that Gopalakrishnan’s phone was not hacked
നേരത്തെ ഗോപാലകൃഷ്ണന്‍റെ ഫോണിൽനിന്ന് തന്നെയാണ് വാട്സ്ആപ് ഗ്രൂപ് ഉണ്ടാക്കിയതെന്നു വാട്സ്ആപ് മറുപടി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് സംഭവം അന്വേഷിക്കുന്ന പൊലീസിന് ഗൂഗിളിന്‍റേയും മറുപടി ലഭിച്ചിരിക്കുന്നത്. മല്ലു ഹിന്ദു ഓഫീസേഴ്‌സ് എന്ന പേരിൽ ഗ്രൂപ്പ് ഉണ്ടാക്കിയ കെ. ഗോപാലകൃഷ്ണതന്‍റെ ഫോൺ ഹാക്ക് ചെയ്ത് ആരോ വാട്സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കുകയായിരുന്നു എന്ന ഗോപാലകൃഷ്ണന്റെ വാദവും ഇതോടെ പൊളിയുകയാണ്.
കെ. ഗോപാലകൃഷ്ണനിൽ നിന്ന് പൊലീസ് മൊഴിയെടുത്തപ്പോൾ, ഫോൺ ഹാക്ക് ചെയ്യപ്പെട്ടെന്നാണ് ഗോപാലകൃഷ്ണൻ പറഞ്ഞിരുന്നത്. വാട്സ്ആപ്പിൽ ഗ്രൂപ് തുടങ്ങിയത് സുഹൃത്തുക്കള്‍ ആണ് ശ്രദ്ധയില്‍പെടുത്തിയതെന്നും അറിഞ്ഞയുടൻ ഗ്രൂപ് ഡിലീറ്റ് ചെയ്തെന്നുമാണ് ഗോപാലകൃഷ്ണൻ പറയുന്നത്.
വിവരങ്ങൾ ഡിലീറ്റ് ചെയ്ത് ഫാക്ടറി റീസെറ്റ് ചെയ്ത നിലയിലാണ് ഫോൺ പൊലീസിന് ലഭിച്ചത്. പൊലീസിന്റെ കസ്റ്റഡിയിലുള്ള ഫോൺ ഫൊറൻസിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്. ഇതിന്‍റെ ഫലമാണ് പൊലീസ് ഇനി കാത്തിരിക്കുന്നത്.