ന്യൂഡല്‍ഹി: ഏക സിവില്‍ കോഡ് (യുസിസി) ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ പ്രതിപക്ഷം കടുപ്പിക്കുമ്പോള്‍, ഭരണത്തുടര്‍ച്ചയുടെ വലിയ കാലയളവ് മുന്‍കൂട്ടി കാണാന്‍ സഹപ്രവര്‍ത്തകരെ ഓര്‍മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2024 അല്ല, 2047 ലക്ഷ്യം വയ്ക്കണമെന്നു കേന്ദ്രമന്ത്രിമാരോടു മോദി പറഞ്ഞു. സമ്പൂര്‍ണ മന്ത്രിസഭാ യോഗത്തിലായിരുന്നു മോദിയുടെ പരാമര്‍ശം.
”2024നെ നോക്കുന്നതിനു പകരം 2047ല്‍ രാജ്യത്തിന്റെ വികസനം എത്രമാത്രം കൂട്ടാം എന്നതിലേക്കു ശ്രദ്ധ മാറ്റണം. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയതിന്റെ നൂറാം വാര്‍ഷികം അപ്പോഴാണ്. 2047 വരെ രാജ്യത്തിന് ‘അമൃത കാല്‍’ (സുവര്‍ണകാലം) ആണ്. അടുത്ത 25 വര്‍ഷത്തിനകം ഒരുപാട് കാര്യങ്ങളില്‍ മാറ്റമുണ്ടാകും. ഉന്നത വിദ്യാഭ്യാസം നേടിയ ഉദ്യോഗാര്‍ഥികളുടെ കുത്തൊഴുക്കിന് രാജ്യം സാക്ഷിയാകും. വിവിധ മേഖലകളില്‍ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും.”- മോദി പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണിയുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ്, പ്രഗതി മൈതാന്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ സമ്പൂര്‍ണ മന്ത്രിസഭാ യോഗം മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നത്. ഓരോ വകുപ്പുകളുടെയും മന്ത്രിമാരുടെയും വിലയിരുത്തലുകളുണ്ടായി. വിവിധ വകുപ്പു സെക്രട്ടറിമാര്‍ പദ്ധതികളുടെ അവലോകനം നടത്തി. വര്‍ഷകാല സമ്മേളനത്തെക്കുറിച്ചും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുടെ മുന്നൊരുക്കങ്ങളെക്കുറിച്ചും മോദി സംസാരിച്ചു.
അടുത്ത 25 വര്‍ഷം ഇന്ത്യയുടെ വികസനത്തെ കുറിച്ചുള്ള പദ്ധതി രൂപരേഖ എല്ലാ മന്ത്രാലയങ്ങളും അവതരിപ്പിച്ചു. ഇക്കഴിഞ്ഞ 9 വര്‍ഷം നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്നും വരുന്ന 9 മാസം മന്ത്രിമാര്‍ അതേപ്പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കണമെന്നും മോദി പറഞ്ഞു. ഏറ്റവും പ്രധാനപ്പെട്ട 12 നേട്ടങ്ങളുടെയോ പദ്ധതികളുടെയോ കലണ്ടര്‍ മന്ത്രിമാര്‍ തയാറാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. യോഗത്തിന്റെ ചിത്രങ്ങള്‍ പിന്നീട് മോദി ട്വിറ്ററില്‍ പങ്കുവച്ചു.
തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍നിന്നും പുതുതായി വന്ന എന്‍സിപി അജിത് പവാര്‍ വിഭാഗമുള്‍പ്പെടെയുള്ള ഘടകകക്ഷികളില്‍നിന്നും മന്ത്രിമാരുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. രാജീവ് ചന്ദ്രശേഖറിന് കാബിനറ്റ് സ്ഥാനവും നടന്‍ സുരേഷ് ഗോപിക്കു മന്ത്രിസ്ഥാനവും ലഭിക്കുമെന്നും വി.മുരളീധരന്‍ ബിജെപി കേരള നേതൃത്വത്തിലേക്ക് മടങ്ങുമെന്നും അഭ്യൂഹങ്ങളുണ്ട്. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പുതിയ നേതൃത്വമുണ്ടായേക്കുമെന്ന് ജെ.പി.നഡ്ഡ നേരത്തേ പറഞ്ഞിരുന്നു. മധ്യപ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും നേതൃമാറ്റമുണ്ടായേക്കും.