കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വീണ്ടും വർധനവ്. പവന് 240 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 72,360 രൂപയായി ഉയർന്നു.
ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന് 9045 രൂപയിലാണ് ഇന്നത്തെ വ്യാപാരം നടക്കുന്നത്. ലോക വിപണിയിലും സ്വർണത്തിന് വില വർധിച്ചു. ഒരു ശതമാനം ഉയർച്ചയാണ് സ്വർണത്തിനുണ്ടായത്.
സ്പോട്ട് ഗോൾഡിന്റെ വില 1.1 ശതമാനം ഉയർന്ന് ഔൺസിന് 3,340.29 ഡോളറായി ഉയർന്നു. ഈ ആഴ്ച മാത്രം സ്വർണത്തിന് 3.1 ശതമാനം വില വർധനയുണ്ടായി.
ഈ വർഷം മാത്രം ലോകവിപണിയിൽ സ്വർണത്തിന്റെ വില 27 ശതമാനം ഉയർന്നിരുന്നു. യു.എസ് ഗോൾഡ് ഫ്യൂച്ചറിന്റെ വില 1.1 ശതമാനം ഉയർന്ന് 3,344 ഡോളറായി. എന്നാൽ കഴിഞ്ഞ ദിവസം ഡോളർ ഇൻഡക്സ് 0.3 ശതമാനം ഇടിഞ്ഞിരുന്നു.
അതേസമയം സംസ്ഥാനത്ത് സ്വര്‍ണവില 75,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് പതിയെ ഇടിയാൻ തുടങ്ങിയത്. ഏപ്രിൽ 22ന് രേഖപ്പെടുത്തിയ 74,320 എന്ന റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് ദിവസങ്ങളുടെ വ്യത്യാസത്തില്‍ നാലായിരം രൂപയാണ് താഴ്ന്നത്.
രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സംസ്ഥാനത്ത് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് വില ഉയരാൻ കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.
പുതിയ വിപണി-രാഷ്ട്രീയ സാഹചര്യത്തില്‍ വില കുറയാനുള്ള സാധ്യതയില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ ചൈനയും അമേരിക്കയും തമ്മില്‍ നടക്കാനിരിക്കുന്ന വ്യാപാര ചര്‍ച്ച വിജയം കണ്ടാല്‍ സ്വര്‍ണവില കുറഞ്ഞേക്കും.