കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിപ്പിന്റെ ട്രാക്കിൽ. ഇന്ന് ഒറ്റയടിക്ക് 440 രൂപ വർധിച്ച് പവൻ വില 73,000 രൂപ കടന്നിരിക്കുകയാണ്. 73,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നലെ വില.
ഗ്രാമിന് 55 രൂപയാണ് വര്‍ധിച്ചത്. ഇതോടെ 9130 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. സംസ്ഥാനത്ത് സ്വര്‍ണവില 75,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് പതിയെ ഇടിയാൻ തുടങ്ങിയത്. ഏപ്രിൽ 22ന് രേഖപ്പെടുത്തിയ 74,320 എന്ന റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് ദിവസങ്ങളുടെ വ്യത്യാസത്തില്‍ നാലായിരം രൂപയാണ് താഴ്ന്നത്.
ഏപ്രില്‍ 23 മുതലാണ് സ്വര്‍ണവില ഇടിയാൻ തുടങ്ങിയത്. തുടര്‍ന്ന് തിങ്കളാഴ്ച മുതൽ സ്വര്‍ണവില തിരിച്ചുകയറാന്‍ തുടങ്ങി. നാലുദിവസത്തിനിടെ ദിവസത്തിനിടെ 3000 രൂപയാണ് വര്‍ധിച്ചത്.
രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സംസ്ഥാനത്ത് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് വില ഉയരാൻ കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.
പുതിയ വിപണി-രാഷ്ട്രീയ സാഹചര്യത്തില്‍ വില കുറയാനുള്ള സാധ്യതയില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ ചൈനയും അമേരിക്കയും തമ്മില്‍ നടക്കാനിരിക്കുന്ന വ്യാപാര ചര്‍ച്ച വിജയം കണ്ടാല്‍ സ്വര്‍ണവില കുറഞ്ഞേക്കും.
നിലവിൽ ആഗോള വിപണിയില്‍ 3397 ഡോളറാണ് ഏറ്റവും പുതിയ നിരക്ക്. ഇതില്‍ ഇനിയും മാറ്റത്തിന് സാധ്യതയുണ്ട്. വൈകാതെ 3500 ഡോളറിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ സംഭവിച്ചാല്‍ കേരളത്തില്‍ സ്വര്‍ണവില പവന് 80000 രൂപയിലെത്തും.